തൃശ്ശൂര്‍: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ വിജയിച്ചതിനെ തുടര്‍ന്ന് നടക്കാനിരിക്കുന്ന ചേലക്കര നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പരിഗണിച്ചേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കര നിയോജക മണ്ഡലത്തില്‍ കെ രാധാകൃഷ്ണന്റെ ലീഡ് 5173ലേക്ക് ചുരുക്കിയ പ്രകടനമാണ് രമ്യയെ ഉപതിരഞ്ഞെടുപ്പില്‍ പരിഗണിക്കാനുള്ള പ്രധാന കാരണം.
കെ രാധാകൃഷ്ണന്‍ സ്വന്തം ബൂത്തില്‍ പിന്നിലേക്ക് പോയിരുന്നു. കെ രാധാകൃഷ്ണന്‍ വോട്ടു ചെയ്ത ചേലക്കര തോന്നൂര്‍ക്കര എയുപി സ്‌കൂളിലെ 75ാം നമ്പര്‍ ബൂത്തില്‍ അദ്ദേഹത്തിന് കിട്ടിയ വോട്ട് 299 ഉം യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് കിട്ടിയത് 308 വോട്ടുമാണ്. രാധാകൃഷ്ണന്റെ പഞ്ചായത്തിലും രമ്യയാണ് ലീഡ് നേടിയത്. ചേലക്കര പഞ്ചായത്തില്‍ 367 വോട്ടിന്റെ ലീഡാണ് രമ്യ നേടിയത്.
നിയോജക മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളില്‍ ആറ് പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് ലീഡ് നേടിയത്. മൂന്ന് പഞ്ചായത്തുകളില്‍ യുഡിഎഫും ലീഡ് നേടി. വരവൂര്‍ പഞ്ചായത്തില്‍ 1167 വോട്ടിന്റെ ലീഡാണ് നേടിയത്. വള്ളത്തോര്‍ നഗറില്‍ 1405ഉം പാഞ്ഞാള്‍ പഞ്ചായത്തില്‍ 952ഉം കൊണ്ടാഴി പഞ്ചായത്തില്‍ 1176ഉം തിരുവില്വാമല പഞ്ചായത്തില്‍ 1029ഉം വോട്ടിന്റെ ലീഡ് എല്‍ഡിഎഫ് നേടി. എല്‍ഡിഎഫ് കോട്ടയെന്നറിയപ്പെടുന്ന ദേശമംഗലം പഞ്ചായത്തില്‍ 148 വോട്ടിന്റെ ലീഡ് മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്. ചേലക്കര പഞ്ചായത്തിലും മുള്ളൂര്‍ക്കര പഞ്ചായത്തിലും പഴയന്നൂര്‍ പഞ്ചായത്തിലുമാണ് യുഡിഎഫ് ലീഡ് നേടിയത്. മുള്ളൂര്‍ക്കരയില്‍ 255ഉം പഴയന്നൂരില്‍ 82 വോട്ടിന്റെയും ലീഡാണ് യുഡിഎഫിന് ലഭിച്ചത്.