പോലീസ് ചമഞ്ഞ് വീട്ടിലെത്തി പണം തട്ടാൻ ശ്രമം

കോട്ടയം:  പോലീസ് ചമഞ്ഞ് വീട്ടിലെത്തി ​ഗൃഹനാഥനിൽ നിന്ന് പണം തട്ടാൻ ശ്രമം. കോട്ടയം മാങ്ങാനം സ്വദേശിയായ 69കാരന്റെ വീട്ടിലേക്കാണ് പൊലീസ് വേഷത്തിൽ രണ്ടു പേർ എത്തിയത്. അടിപിടിക്കേസിൽ പ്രതിയാണെന്നും പിഴ അടയ്ക്കാനുമാണ് ആവശ്യപ്പെട്ടത്. സമീപവാസിയായ വീട്ടമ്മയുടെ ഇടപെടലാണ് തട്ടിപ്പുസംഘത്തിന്റെ നീക്കം പൊളിച്ചത്.

കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞാണ് രണ്ട് പേർ എത്തിയത്. പാലക്കാട്ടു നടന്ന അടിപിടിക്കേസിൽ ഗൃഹനാഥനെതിരെ കേസുണ്ടെന്നും അറസ്റ്റ് വാറന്റുമായി എത്തിയതാണെന്നും പറഞ്ഞു. സംഭവം അറിഞ്ഞ് സമീപവാസികളും എത്തി. പാലക്കാട്ട് പോവാത്ത ഗൃഹനാഥൻ ഇത്തരമൊരു കേസിൽ പ്രതിയല്ലെന്ന് സമീപവാസികളടക്കം പറഞ്ഞു. അപ്പോൾ ഗൃഹനാഥന്റെ ആധാർ കാർഡ് കാണിക്കണമെന്നായി.

സമീപവാസിയായ വീട്ടമ്മ തട്ടിപ്പുസംഘത്തോട് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. ഈസ്റ്റ് സ്റ്റേഷനിൽ തന്റെ ബന്ധുക്കളുണ്ടെന്നും അവരെ അറിയുമോയെന്നും ചോദിച്ചു. ഒപ്പമുള്ളത് പാലക്കാട്ടു നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണെന്നും താൻ ചുമതലയേറ്റിട്ടു നാലു ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നുമായിരുന്നു മറുപടി. കേസ് പിഴയടച്ചു തീർക്കാമെന്നും വാട്സാപ്പിൽ അക്കൗണ്ട് നമ്പർ അയയ്ക്കാമെന്നും പറഞ്ഞ് രണ്ടംഗസംഘം മടങ്ങി.

പിന്നീട് ഫോൺ വിളിച്ച സംഘം പിഴയടക്കുന്നതിനെക്കുറിച്ച് പറഞ്ഞു. തന്റെ ഫോണിൽ വാട്സ് ആപ്പില്ലാത്തതിനാൽ സമീപത്തെ വീട്ടമ്മയുടെ നമ്പർ നൽകാമെന്ന് ഗൃഹനാഥൻ പറഞ്ഞു. വീട്ടമ്മ അഭിഭാഷകനുമായി ആലോചിച്ച ശേഷം, കേസ് നമ്പർ വേണമെന്ന് ആവശ്യപ്പെട്ടു. കേസ് എഴുതിത്തള്ളിയെന്നും ഇനി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും മറുപടി നൽകി തട്ടിപ്പുകാർ തടിതപ്പുകയായിരുന്നു

Post a Comment

Previous Post Next Post