മേലാറ്റൂർ: വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വെള്ളാർമല സ്കൂളിന് വായനയുടെ കൈതാങ്ങുമായി മേലാറ്റൂർ വിദ്യാരംഗം കലാസാഹിത്യവേദി. വായനയിലൂടെ കുട്ടികളിൽ ദുരന്തത്തിൻ്റെ ആഘാതവും, വേദനയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ പുതിയ ലൈബ്രറി ഒരുക്കുന്ന പ്രവർത്തനം മേലാറ്റൂരുകാർ ഏറ്റെടുത്തത്. പ്രാരംഭ പ്രവർത്തനമായി ആദ്യഘട്ട പുസ്തകങ്ങൾ വയനാട് ഡിഡി , ജില്ല ലൈബ്രറി കൗൺസിൽ എന്നിവരുടെ സാന്നിധ്യത്തിൽ വണ്ടൂർ ഡിഇഒ റംലത്ത് ടീച്ചറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വെള്ളാർമല സ്കൂളിന് കൈമാറി . മേലാറ്റൂർ എഇഒ സക്കീർ ഹുസൈൻ , വിദ്യാരംഗം കൺവീനർ ബി. നാജിയത്ത് , എച്ച് എം ഫോറം പ്രതിനിധി അബ്ദുസലാം , വിദ്യാരംഗം അംഗങ്ങളായ സജിഫിലിപ്പ് , സിബിൾ , വിനോദ് കുമാർ , മുരളീധരൻ , വയനാട് ജില്ല ലൈബ്രറി കൗൺസിൽ പ്രതിനിധി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ആയിരം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയാണ് ഇവിടെ ഒരുക്കുന്നത്. ഇത് തുടർ പ്രവർത്തനമായാണ് ഉദ്ദേശിക്കുന്നത് . വയനാട് ജില്ല ലൈബ്രറി കൗൺസിൻ്റെ ഈ ആവശ്യത്തെ ഉപജില്ലയിലെ എല്ലാ സ്ക്കൂളുകളും വളരെ ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു എന്ന് എഇഒ സക്കീർ ഹുസൈൻ , വിദ്യാരംഗം കൺവീനർ ബി. നാജിയ ത്ത് എന്നിവർ പറഞ്ഞു. കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ ആവശ്യമായ പുസ്തകങ്ങൾ ശേഖരിക്കാനുമായി . കൂടാതെ പ്രമുഖരായ എഴുത്തുകാർ , പ്രസാധകർ, സാംസ്കാരിക പ്രവർത്തകർ , സ്ഥാപനങ്ങൾ എന്നിവരും പുസ്തകങ്ങൾ നൽകി. മലപ്പുറം ഡിഡിഇ രമേഷ് കുമാർ , വണ്ടൂർ ഡിഇഒ റംലത്ത് ടീച്ചർ എന്നിവരുടെ പൂർണ്ണ പിന്തുണ ഈ ലക്ഷ്യ പൂർത്തീകരണത്തിന് ഏറെ സഹായകമായി . പുസ്തകങ്ങൾ സൂക്ഷിക്കുവാനാവശ്യമായ അലമാരകൾ ഫർണീച്ചർ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ കേരള യാണ് നൽകിയത് . സംസ്ഥാനത്ത് ആദ്യമായാണ് വിദ്യാരംഗം കലാസാഹിത്യ വേദി ഇത്തരത്തിൽ ഒരു ലൈബ്രറി ഒരുക്കുന്നത്. വെള്ളാർമല സ്ക്കൂൾ പുതിയ കെട്ടിടമാകുന്നതുവരെ താൽക്കാലികമായി മേപ്പാടി സ്ക്കൂളിലാണ് പ്രവർത്തിക്കുന്നത് .
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വെള്ളാർമല സ്ക്കൂളിന് വായനയുടെ കൈതാങ്ങുമായി മേലാറ്റൂർ
byഅഡ്മിൻ
-
0