മണ്ണാര്‍ക്കാട് : ലഹരിയില്‍ തകര്‍ന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ച പൊലിസ് ഉദ്യോഗസ്ഥനെ മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ ആദരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ആളൂര്‍ സ്റ്റേഷനിലെ എസ്.എച്ച്.ഒ. ആയ കെ.എം ബിനീഷിനെയാണ് എച്ച്.ഡി.ഇ.പി. ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ആദരിച്ചത്. മാനേജിങ് ട്രസ്റ്റിമാരായ അബ്ദുല്‍ ഹാദി അറയ്ക്കല്‍, എം.പി അന്‍വര്‍, മെമ്പര്‍ കെ. ഹരിലാല്‍ എന്നിവര്‍ ഇന്ന് ആളൂര്‍ സ്റ്റേഷനിലെത്തി ആദരിക്കുകയായിരുന്നു. ഒറ്റപ്പാലം സ്വദേശിയായ സാലിഹ് എന്ന ചെറുപ്പക്കാരനെയാണ് ലഹരിയുടെ അധമവഴിയില്‍ നിന്നും ബിനീഷ് സന്തോഷത്തിന്റെ പുതിയ ജീവിതത്തിലേക്ക് എത്തിച്ചത്.
അഞ്ച് വര്‍ഷം മുമ്പ് ബിനീഷ് ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്.എച്ച്.ഒ. ആയിരുന്ന കാലത്താണ് ആ നല്ല സംഭവം നടന്നത്. ബൈക്ക് മോഷണ കേസില്‍ പ്രതിയായിരുന്നു സാലിഹ്. പിടിയിലായ അന്ന് വിഷാദത്തിലായിരുന്നു. മയക്കുമരുന്നിനും മറ്റും ലഹരിക്ക് വേണ്ടിയാണ് മോഷണത്തില്‍ ഏര്‍പ്പെട്ടത്. ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ഉള്ളിലുള്ള മോഹം സാലിഹ് ബിനീഷുമായി പങ്കുവെച്ചു. ജാമ്യം കിട്ടിയശേഷം അഭിഭാഷകനുമായി ബിനീഷിനെ കാണാന്‍ സാലിഹെത്തി. ലഹരിയില്‍ നിന്നും വഴിമാറി പോകാന്‍ മറ്റെന്തെങ്കിലും കാര്യത്തില്‍ ഏര്‍പ്പെടാനും മറ്റും ഉപദേശിച്ചു. അതു പ്രകാരം പിന്നീട് സാലിഹ് പച്ചക്കറി കച്ചവടമാരംഭിച്ചു. ലഹരിയില്‍ നിന്നും മുക്തി നേടി സാലിഹ് പതിയെ ജീവിതത്തിന്റെ നല്ല സന്തോഷങ്ങളിലേക്കെത്തി. ലഹരിക്ക് അടിമപ്പെടുന്നവരില്‍ ആഗ്രഹമുണ്ടെങ്കില്‍ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യമല്ലെന്നതിനുള്ള സാക്ഷ്യമാണ് സാലിഹിന്റെ ജീവിതമെന്ന് ബിനീഷ് പറഞ്ഞു. ആ സംഭവത്തെക്കുറിച്ചുള്ള മനോരമ ന്യൂസ് സ്റ്റോറി കാണാം👇🏻
Tags
mannarkkad