ബംഗളൂരു: മുടിവെട്ടിക്കഴിഞ്ഞപ്പോൾ ബാർബർ നൽകിയ ഫ്രീ തല മസ്സാജിനെ തുടർന്ന് സ്ട്രോക്ക് വന്നെന്ന് 30കാരൻ. കർണാടകയിലെ ബല്ലാരിയിലാണ് സംഭവം. രണ്ട് മാസത്തോളം ചികിത്സയിൽ കഴിയേണ്ടിവന്നുവെന്നും യുവാവ് പറയുന്നു.
മുടിവെട്ടിക്കഴിഞ്ഞപ്പോൾ ബാർബർ ഇയാളുടെ തല മസ്സാജ് ചെയ്തിരുന്നു. ഇങ്ങനെ തല മസ്സാജ് ചെയ്യുന്നത് ഇവിടുത്തെ പതിവാണ്. തല മസ്സാജിനൊടുവിൽ ബാർബർ ഇയാളുടെ കഴുത്ത് രണ്ട് ഭാഗത്തേക്കും വെട്ടിക്കുകയും ചെയ്തു. ഇതോടെയാണ് വേദന ആരംഭിച്ചത്. വേദന മാറുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, വീട്ടിലെത്തിയതിന് പിന്നാലെ വേദന ശക്തമാകുകയും നിലതെറ്റുകയും സംസാരിക്കാൻ സാധിക്കാതാവുകയും ചെയ്തു. ഇടതുവശം തളരുകയും ചെയ്തു.
ഉടൻ ആശുപത്രിയിലെത്തി. മസ്സാജിങ്ങിന്‍റെ ഭാഗമായി കഴുത്ത് ശക്തിയിൽ വെട്ടിച്ചപ്പോൾ തലച്ചോറിലേക്കും തലയുടെ മറ്റ് ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന കരോട്ടിഡ് ധമനിയിൽ പൊട്ടലുണ്ടാവുകയും രക്തയോട്ടം കുറയുകയും ചെയ്തുവെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതേത്തുടർന്നുള്ള സ്ട്രോക്കാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.