എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ?; ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ ഇടത് എംഎൽഎ പി.വി. അൻവർ ഉയർത്തുന്ന ആരോപണങ്ങളിൽ സംശയം പ്രകടിപ്പിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്ന് ചോദിച്ച എൽഡിഎഫ് കൺവീനർ പരാതി ഉണ്ടെങ്കിൽ രേഖാമൂലം നൽകുകയാണ് വേണ്ടതെന്നും പറഞ്ഞു.

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച ഇന്റിലജൻസ് റിപ്പോർട്ട് പി.ശശിയും അജിത് കുമാറും പൂഴ്ത്തിയെന്ന അൻവറിന്റെ ആരോപണം സംബന്ധിച്ചായിരുന്നു ടി.പി.രാമകൃഷ്ണന്റെ പ്രതികരണം.

'അൻവറിന് അങ്ങനെ ഒരു പരാതി ഉണ്ടെങ്കിൽ അത് രേഖാമൂലം കൊടുക്കട്ടെ. അൻവർ നേരത്തെ നൽകിയ പരാതിയിൽ ശശിയെ സംബന്ധിച്ച് ഒരു പരാമർശവും ഇല്ല. ശശിയേക്കുറിച്ച് ഒരു പരാതി ഉണ്ടെങ്കിൽ അത് ഉന്നയിക്കട്ടെ. എല്ലാ ദിവസവും ഇങ്ങനെ ആരോപണം ഉന്നയിക്കുകയാണോ വേണ്ടത്. അതുതന്നെ ഒരു നല്ല ലക്ഷണമാണോ? പ്രശ്നങ്ങൾ തുറന്നുപറഞ്ഞു. അതിൽ സർക്കാർ അന്വേഷിക്കാമെന്നും അറിയിച്ചു. ഇനി കൂടുതൽ പ്രശ്നങ്ങളുണ്ടെങ്കിൽ അദ്ദേഹത്തിന് സർക്കാരിന് എഴുതി സമർപ്പിക്കാം', ടി.പി.രാമകൃഷ്ണൻ പറഞ്ഞു. സ്വതന്ത്ര എംഎൽഎ എന്ന നിലയിൽ അൻവർ സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കുന്നുണ്ട്. അത് എവിടെവരെ പോകുമെന്ന് നമുക്ക് നോക്കാമെന്നും ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി. 'അൻവർ ഇടതുമുന്നണിയുടെ ഭാഗമാണ്. സിപിഎം അംഗമല്ല. ഒരു സ്വതന്ത്ര അംഗമെന്ന നിലയിൽ സ്വതന്ത്രമായ നിലപാട് അയാൾ എടുക്കുന്നുണ്ട്. അത് നോക്കാം നമുക്ക്. എല്ലാ വിഷയങ്ങളും തുറന്നുപറയാൻ കഴിയില്ല', എൽഡിഎഫ് കൺവീനർ പറഞ്ഞു. ആശ്രമം കത്തിച്ച സംഭവത്തിൽ സിപിഎം നേതാക്കളുടെ ഫോൺ പോലീസ് പരിശോധിക്കുന്നു, ആർഎസ്എസ് നേതാക്കളുടെ ഫോൺ പരിശോധിക്കുന്നില്ലെന്നാണ് അൻവർ പറയുന്നതെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും ടി.പി. രാമകൃഷ്ണൻ മറുപടി നൽകി. 'അത് അൻവർ പറഞ്ഞതല്ലേ. അൻവർ പറഞ്ഞയിടത്താണോ കേരളം നിൽക്കുന്നത്. ന്യായമായ പരാതി ഉന്നയിച്ചാൽ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്', ടി. പി രാമകൃഷ്ണൻ പറഞ്ഞു.
Previous Post Next Post

نموذج الاتصال