രാജുവിനെ ചേർത്ത് പിടിച്ച് വനപാലകർ; മരംവീണ് തകർന്ന വീട് പുനർനിർമിച്ച് നൽകി

മണ്ണാർക്കാട് : കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് തകർന്ന വീട്  പുനർനിർമിച്ച് നൽകി വനപാലകർ. പാലക്കയം അച്ചിലട്ടിയിലെ രാജുവിന്റെ വീടാണ് മണ്ണാർക്കാട് വനം ഡിവിഷനു കീഴിലുള്ള ജീവനക്കാരുടെ കൂട്ടായ്മയിലും വിവിധ മേഖലയിലുള്ളവരുടെ സഹകരണത്തോടെയും നവീകരിച്ചത്. ഇക്കഴിഞ്ഞ ജൂലായിലാണ് സമീപത്തെ വലിയമരം കടപുഴകിവീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നത്. അപകടസമയത്ത് രാജുവിന്റെ ഭാര്യ രമണിയും മൂന്നുമക്കളും വീട്ടിലുണ്ടായിരുന്നു. ചെറിയ പരിക്കുകളോടെ ഇവർ രക്ഷപ്പെട്ടു.

പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തിയാണ് കുടുംബാംഗങ്ങളെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയത്. വീട്‌ തകർന്നതോടെ അയൽവീടുകളിലായിരുന്നു ഇതുവരെയുള്ള താമസം. വേനൽക്കാലത്ത് വനംവകുപ്പിന്റെ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളിൽ വാച്ചറായും ജോലിചെയ്യാറുണ്ട് രാജു. മറ്റു സമയങ്ങളിൽ കൂലിപ്പണിക്ക്‌ പോകും. കുടുംബത്തിന്റെ ദയനീയസ്ഥിതിയറിഞ്ഞ മണ്ണാർക്കാട് റേഞ്ച് ഓഫീസർ എൻ. സുബൈർ വീട് നവീകരിക്കൽ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. മനോജിന്റെ നേതൃത്വത്തിൽ വീടിന്റെ പുനർനിർമാണവും തുടങ്ങി. വനപാലകർ, കൺസർവേഷൻ വൊളന്റിയേഴ്‌സ് അംഗങ്ങളും സന്നദ്ധപ്രവർത്തകരുമായ ഉണ്ണി വരദം, പ്രതാപൻ, മുകുന്ദൻ മമ്പാട്, ദിനേശ്, രാജേന്ദ്രൻ, സ്വാമി പാലക്കാട്ടിൽ, ചിറക്കൽപ്പടി സി.എഫ്.സി. റെസ്‌ക്യൂ സർവീസ് അംഗങ്ങൾ, പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ രാമചന്ദ്രൻ തെങ്കര, ലയൺസ് ക്ലബ്ബ് അംഗം സുധീഷ് വിയ്യക്കുറുശ്ശി എന്നിവരും ബ്ലോക്ക് പഞ്ചായത്തംഗം കുര്യന്റെ നേതൃത്വത്തിലുള്ള അച്ചിലട്ടി വനസംരക്ഷണസമിതി അംഗങ്ങളും പങ്കാളികളായി. രണ്ടുമാസത്തിനകം നിർമാണം പൂർത്തിയായി. നവീകരിച്ച വീടിന്റെ താക്കോൽ കെ. ശാന്തകുമാരി എം.എൽ.എ. കൈമാറി.

ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ സി. അബ്ദുൾ ലത്തീഫ് ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ, മറ്റ്‌ വനപാലകർ, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണൻകുട്ടി, വാർഡംഗങ്ങളായ രാജി ജോണി, കൃഷ്ണൻകുട്ടി, അച്ചിലട്ടി വനസംരക്ഷണസമിതി സെക്രട്ടറി ജെ. ഹുസൈൻ, പൊതുപ്രവർത്തകൻ സോണി പാലക്കയം എന്നിവർ സംസാരിച്ചു. വീട്ടിലെ മറ്റ് അടിസ്ഥാനസൗകര്യങ്ങൾ കൂടി ഉടൻ പൂർത്തിയാക്കി നൽകുമെന്ന് റേഞ്ച് ഓഫീസർ എൻ. സുബൈർ പറഞ്ഞു
Previous Post Next Post

نموذج الاتصال