ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (TVK) സമ്മേളന വേദിയിലേക്ക് മാസ് എൻട്രിയുമായി ദളപതി വിജയ്. ടിവികെയുടെ ആദ്യ സമ്മേളനമാണ് ഇന്ന് തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ നടക്കുന്നത്. വേദിയിലേക്ക് കടന്നുവന്ന വിജയ് യെ കരഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് അണികൾ വരവേറ്റത്. വിജയ് യുടെ അമ്മയും അച്ഛനും അടക്കമുള്ളവർ വേദിയിലുണ്ട്. വേദിയില്‍ നിന്ന് 500 മീറ്റര്‍ നീളമുള്ള റാംപിലൂടെ നടന്ന് സമ്മേളനത്തിനെത്തി ചേര്‍ന്ന അണികളെ വിജയ് അഭിസംബോധന ചെയ്തു. ടിവികെയുടെ ഷാള്‍ അണിഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ഒരു പുതിയ വിജയ് പടം റിലീസാകുന്നതിന്റെ പതിന്മടങ്ങ് ആവേശമാണ് വില്ലുപുരത്താകെയുള്ളത്
85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്. പെരിയാറിന്റെയും അംബേദ്കറിന്റെയും ഉള്‍പ്പടെയുള്ള കട്ടൗട്ടുകള്‍ കൊണ്ട് അലങ്കരിച്ച സമ്മേളന നഗരിയില്‍ സ്റ്റേജ് രൂപകല്‍പന ചെയ്തിരിക്കുന്നത് തമിഴ്നാട് സെക്രട്ടേറിയേറ്റിന്റെ മാതൃകയിലാണ്. അഞ്ചുലക്ഷം പേര്‍ സമ്മേളന നഗരിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ദ്രാവിഡ രാഷ്ട്രീയത്തിലൂന്നി തമിഴ് വികാരം ഉണര്‍ത്തിയാകും പാര്‍ട്ടി മുന്നോട്ടു പോകുകയെന്നു പാര്‍ട്ടി പതാക ഗാനത്തിലൂടെ നേരത്തെ വിജയ് വ്യക്തമാക്കിയതാണ്.2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ഗതി എങ്ങോട്ടെന്ന് ഉറ്റു നോക്കുകയാണ് തമിഴക രാഷ്ട്രീയം. തുടര്‍ ഭരണം പ്രതീക്ഷിച്ച് കരുക്കള്‍ നീക്കുന്ന ഡിഎംകെ ഇതുവരെ വിജയുടെ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല.