കോലഞ്ചേരി: ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് റോഡരികിലുള്ള കിണറിലേക്ക് വീണു. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് പാങ്കോട് ചാക്കപ്പന്‍ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട് ഏകദേശം15 അടി താഴ്ചയുള്ള കിണറിലേക്ക് വീണത്. കാറിലെ യാത്രക്കാരായിരുന്ന കൊട്ടാരക്കര സ്വദേശികളായ കാർത്തിക്ക്, വിസ്‌മയ ദമ്പതിമാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകട സമയത്ത് കിണറിൽ ഏകദേശം ആറടി വെള്ളമേ ഉണ്ടായിരുന്നുള്ളൂ. വെള്ളിയാഴ്‌ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കാർ റോഡിലെ ചപ്പാത്തിൽ ഇറങ്ങിയപ്പോൾ നിയന്ത്രണം വിട്ട് കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് കിണറിലേക്ക് വീണെങ്കിലും കിണറിൽ വെള്ളം കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. ദമ്പതികൾക്ക് ഡോർ തുറക്കാൻ സാധിച്ചതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. ഇവരുടെ പരിക്ക് ഗുരുതമല്ല. തുടർന്ന് ക്രൈയിൻ ഉപയോഗിച്ച് കാർ കിണറ്റിൽ നിന്ന് പുറത്തെടുത്തു.