ഓംപ്രകാശിനെ കാണാനായി യുവതാരങ്ങൾ എത്തിയെന്ന വാർത്തയിൽ ഞെട്ടി മലയാള ചലച്ചിത്രലോകം

കൊച്ചി: കൊച്ചിയിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓംപ്രകാശ് ഹോട്ടലിൽ ലഹരിപാർട്ടി സംഘടിപ്പിച്ചെന്ന സംശയവും ഓംപ്രകാശിനെ കാണാനായി സിനിമയിലെ യുവതാരങ്ങൾ എത്തിയെന്ന വാർത്തയുടെയും ഞെട്ടലിൽ മലയാള ചലച്ചിത്രലോകം. ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനുപിന്നാലെയുണ്ടായ ലൈംഗികാതിക്രമ കേസുകളിലും വിവാദങ്ങൾ തുടരുന്നതിനിടെയാണ് മലയാള സിനിമയെ പിടിച്ചുലച്ച് ഓംപ്രകാശിന്റെ ലഹരിക്കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുറത്തുവരുന്നത്.

കുപ്രസിദ്ധ ഗുണ്ടാനേതാവായ ഓംപ്രകാശിനെ കഴിഞ്ഞദിവസമാണ് കൊച്ചി കുണ്ടന്നൂരിലെ നക്ഷത്രഹോട്ടലിൽനിന്ന് പോലീസ് പിടികൂടിയത്. കൂട്ടാളിയും കൊല്ലത്തെ മരവ്യവസായിയുമായ ഷിഹാസിനെയും ഓംപ്രകാശിനൊപ്പം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിലാണ് ഇരുവരെയും പിടികൂടിയത്. തുടർന്ന് സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സിനിമാതാരങ്ങളും ഓംപ്രകാശിന്റെ ഹോട്ടൽമുറിയിൽ എത്തിയതായി കണ്ടെത്തിയത്.

കൊക്കെയ്ൻ അടക്കമുള്ള ലഹരിമരുന്ന് ഉപയോഗിച്ചതിൻ്റെ തെളിവുകൾ ഓംപ്രകാശ് താമസിച്ച മുറിയിൽനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ പോലീസ് എത്തുന്നതിന് മുമ്പ് ഹോട്ടൽമുറിയിൽ സിനിമാതാരങ്ങളടക്കം പങ്കെടുത്ത ലഹരിപാർട്ടി നടന്നതായാണ് സംശയം.

ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളിൽ രണ്ടുപേർ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരടക്കം ഇരുപതോളം പേർ കഴിഞ്ഞദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയിരുന്നു. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലിൽ ബുക്ക് ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു
Previous Post Next Post

نموذج الاتصال