മണ്ണാർക്കാട്: നഗരസഭാ പരിധിയിലെ തെരുവുനായകള്‍ക്ക് പേവിഷപ്രതിരോധ കുത്തിവെപ്പ് നല്‍കി തുടങ്ങി. നഗരസഭയും മൃഗസംരക്ഷണവകുപ്പും ചേര്‍ന്നാണ് നടപടി ആരംഭിച്ചത്. ചൊവ്വാഴ്ച ആറുവാര്‍ഡുകളില്‍ നിന്നും പിടികൂടിയ 42 തെരുവുനായകള്‍ക്ക് കുത്തിവെപ്പെടുത്തതായി അധികൃതര്‍ അറിയിച്ചു. അരകുറുശ്ശി, വിനായക നഗര്‍, പാറപ്പുറം, നാരങ്ങാപ്പറ്റ, നായാടിക്കുന്ന്, ചന്തപ്പടി വാര്‍ഡുകളില്‍ നിന്നാണ് തെരുവുനായകളെ പിടികൂടിയത്. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയുള്ള സമയംകൊണ്ടായിരുന്നു നടപടി. കഴിഞ്ഞ ആഴ്ച നഗരത്തിലുണ്ടായ തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. നാരങ്ങാപ്പറ്റ, നായാടിക്കുന്ന്, ചന്തപ്പടി വാര്‍ഡുകളിലെ 12 പേര്‍ക്കാണ് അന്ന് കടിയും പോറലുമേറ്റത്. തുടര്‍ന്നാണ് അടിയന്തര സാഹചര്യം നേരിടുന്നതിനായി മൃഗപ്രജനന നിയന്ത്രണ പദ്ധതി നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ തീരുമാനിച്ചത്.