മണ്ണാര്‍ക്കാട്: നിക്ഷേപ തട്ടിപ്പു കേസിലെ പ്രതികളായ മണ്ണാർക്കാട് സിവിആർ ആശുപത്രി ചെയർമാൻ സി.വി. റിഷാദ്, അദ്ധേഹത്തിന്റെ ഭാര്യ ഷഹന, പിതാവ് അലി എന്നിവരെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു. വാറന്റായ ചെക്ക് കേസുകളിൽ ജാമ്യമെടുക്കാനായി കോടതിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇവർ കോടതിയിൽ എത്തിയതറിഞ്ഞ് തടിച്ചു കൂടിയ നിക്ഷേപകർ പ്രതികൾക്ക് നേരെ രോഷാകുലരായി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നിക്ഷേപ തട്ടിപ്പിനിരയായവര്‍ ബഹളംവെക്കുകയും ഇവരെ വളയുകയും ചെയ്തതോടെ പോലീസ് ഇടപെട്ട് റിഷാദിനെ ജീപ്പില്‍കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ബന്ധുക്കളേയും വിളിച്ചുവരുത്തി. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് ഇവരുടെ വീടുകളില്‍ സി.ഐ.യുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തി. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 18 കേസുകളാണ് റിഷാദിന്റെ പേരില്‍ മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനിലുള്ളത്.രണ്ട് കേസുകളില്‍ അറസ്റ്റു വാറന്റുള്ളതിനാലാണ് റിഷാദിനേയും കുടുംബാംഗങ്ങളേയും അറസ്റ്റുചെയ്തതെന്ന് സി.ഐ. എം.ബി. രാജേഷ് പറഞ്ഞു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. വാഗ്ദാനം ചെയ്ത ചികിത്സ ആനുകൂല്ല്യങ്ങളും മറ്റും ലഭ്യമായില്ലെന്നും നിക്ഷേപിച്ച തുക തിരികെ ലഭിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരുവിഭാഗം നിക്ഷേപകര്‍ സ്വകാര്യ ആശുപത്രിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നത്.