മണ്ണാർക്കാട്: കല്ല്യാണക്കാപ്പ് മസ്ജിദുൽ സഹാബയിൽ നിസ്ക്കരിക്കാനെന്ന വ്യാജേന പള്ളിയിൽ എത്തി മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ആ സമയം പള്ളിയിൽ യു. പി. സ്വദേശിയായ ഇമാം സുബൈർ മാത്രമാണ് ഉണ്ടായത്. പള്ളിയിൽ എത്തിയ അപരിചിതനോട് ആരാണെന്ന് ചോദിച്ചപ്പോൾ നിസ്ക്കരിക്കാൻ എത്തിയതാണെന്നാണ് ഇയാൾ മറുപടി പറഞ്ഞത്. അംഗശുദ്ധി വരുത്തിയ ശേഷം നിസ്ക്കരിക്കുകയാണെന്ന വ്യാജേന നിന്ന ഇയാൾ ഇമാം ബാത്ത്റൂമിൽ പോയ നേരത്ത് ഇമാമിനെ പുറത്ത് നിന്ന് പൂട്ടുകയും, പള്ളിക്കുള്ളിലെ ഓഫീസ് റൂമിൽ കയറി ഇമാമിന്റെ പണം മോഷ്ടിച്ച് ഓടി രക്ഷപ്പെടാനുള്ള ശ്രമം ഇമാം ഒച്ചയിട്ടതിനെ തുടർന്ന് പൊളിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാവിനെ പിടിച്ചു. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്ത് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പണം നഷ്ടമാവാത്തതിനാൽ പള്ളിക്കാർക്ക് പരാതിയില്ലെന്ന് എഴുതി നൽകിയതിനാൽ കേസ് എടുത്തില്ല. മലപ്പുറം സ്വദേശിയാണ് പിടിയിലായ ആൾ എന്ന് പോലീസ് പറഞ്ഞു. അട്ടപ്പാടിയിൽ ഒരു കേസിൽ ഇയാൾ പ്രതിയാണെന്ന് സംശയം ഉണ്ടെന്നും ഇക്കാര്യം ഉറപ്പ് വരുത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു
നിസ്ക്കരിക്കാനെന്ന വ്യാജേന പള്ളിയിൽ എത്തി മോഷണശ്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി
byഅഡ്മിൻ
-
0