ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ ടീസർ റിലീസ് ചെയ്തു. വയലൻസ് നിറയ്ക്കുന്ന ചിത്രം മാസ് അക്ഷൻ ത്രില്ലറായിരിക്കുമെന്ന് ടീസർ ഉറപ്പു നൽകുന്നു. ഒപ്പം ഉണ്ണി മുകുന്ദനും ജഗദീഷും ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളായി എത്തുന്ന സിനിമ കൂടിയാകും മാർക്കോ എന്നും ടീസർ പറഞ്ഞുവയ്ക്കുന്നുണ്ട്.
മികച്ച ക്വാളിറ്റിയിൽ ലോകോത്തര നിലവാരത്തിലായിരിക്കും മാർക്കോ എത്തുന്നതെന്ന സൂചന നൽകുന്നുണ്ട് ടീസർ. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ടീസറിലുള്ളത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചന ടീസറിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന സംഗീതവും മാസ് രംഗങ്ങളും ടീസറിൽ ഉൾച്ചേർത്തിട്ടുണ്ട്. ചിത്രം ക്രിസ്മസ് റിലീസായാണ് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.