അച്ഛനും മകനും സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന് കവര്‍ച്ചയ്ക്ക് ശ്രമം; 2പേര്‍ പിടിയിൽ

പാലക്കാട്‌ : അച്ഛനും മകനും സഞ്ചരിച്ച വാഹനം പിന്തുടർന്ന് പണം തട്ടാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. നൂറണി സ്വദേശി അജ്മല്‍ (31), കൊല്ലങ്കോട് എലവഞ്ചേരി സ്വദേശി അജിത്ത് (29) എന്നിവരെയാണ് വാളയാർ പോലീസ് പിടികൂടിയത്. സെപ്റ്റംബർ 13-ന് രാത്രി ദേശീയപാതയില്‍ പുതുശ്ശേരി പഞ്ചായത്ത് ഓഫീസിനു മുൻവശത്തായിരുന്നു സംഭവം. ഏഴുപേരാണ് മണ്ണാർക്കാട് കൊമ്പം സ്വദേശികളായ അച്ഛനും മകനും സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നെത്തിയത്. വാഹനത്തിലുണ്ടായിരുന്ന പണം തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പോലീസിനു വിവരം ലഭിച്ചതോടെ നടത്തിയ അന്വേഷണത്തില്‍ മേഴ്സി കോളേജിനടുത്തുവെച്ച്‌ അച്ഛനും മകനും സഞ്ചരിച്ച കാർ കണ്ടെത്തി. 89 ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നത്. ഇത് കോയമ്പത്തൂരില്‍നിന്ന് രേഖകളില്ലാതെയാണ് കടത്തുന്നതാണെന്നും കണ്ടെത്തി. സംഭവത്തില്‍ മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്. അച്ഛനെയും മകനെയും ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ക്കുവേണ്ടി നടത്തിയ തിരച്ചിലിലാണു വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടിയില്‍നിന്ന് ഇരുവരെയും പിടികൂടിയത്.

അറസ്റ്റിലായ അജിത്ത് മാല പൊട്ടിക്കല്‍, വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നു പോലീസ് പറഞ്ഞു. കോയമ്പത്തൂരില്‍വെച്ച്‌ വ്യാപാരിയെ ആക്രമിച്ച്‌ 13 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലും പ്രതിയാണെന്നും പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കഞ്ചിക്കോട് സ്വദേശി ഷൈജുവിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷൈജു റിമാൻഡിലാണ്. കേസില്‍ ഇനി നാലുപേരെക്കൂടി കണ്ടെത്താനുണ്ട്. സി.ഐ. രാജീവ്, എസ്.ഐ. ജെയ്സണ്‍, എസ്.സി.പി.ഒ.മാരായ സുബാഷ്, രാഹുല്‍, സി.പി.ഒ. ആർ. രഘു എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
Previous Post Next Post

نموذج الاتصال