കുഴൽമന്ദം: ബമ്മണൂർ സ്‌കൂളിന് സമീപത്തെ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. പെരിങ്ങോട്ടുകുറുശ്ശി ഒടുവൻകാട് വലിയപറമ്പ് വീട്ടിൽ അമൃതയാണ് (28) മരിച്ചത്. ശനിയാഴ്ച രാവിലെ 11മണിയോടെ വീട്ടിലെത്തിയ അയൽവാസികളാണ് ഇവരെ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്.
വായിൽനിന്ന് രക്തവും പതയും വരുന്നുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ കോട്ടായിപോലീസ് മരണം സ്ഥിരീകരിച്ചു. ഫോറൻസിക്-വിരലടയാള വിദഗ്ധർ-ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി ശാസ്ത്രീയതെളിവുകൾ ശേഖരിച്ചു.
ആലത്തൂർ ഡിവൈ.എസ്.പി. എൻ. മുരളീധരൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. വി. വിജയകുമാർ, കോട്ടായി പോലീസ് സ്റ്റേഷനിലെ എസ്.ഐ.മാരായ എ. അശോകൻ, യു. ഉണ്ണി, സുരേഷ് ബാബു എന്നിവരും സ്ഥലത്തെത്തി.
തരൂർ കൊളക്കാട്ടിൽ പ്രകാശനാണ് അമൃതയുടെ ഭർത്താവ്. കുടുംബപ്രശ്‌നത്തെത്തുടർന്ന് ഇവർ വേർപിരിഞ്ഞിരുന്നു. ഇവരുടെ രണ്ട് മക്കൾ അമൃതയുടെ മാതാപിതാക്കൾക്കൊപ്പമായിരുന്നു. കഴിഞ്ഞദിവസം പ്രകാശൻ കുട്ടികളെ കൂട്ടിക്കൊണ്ടുപോയിരുന്നു. രണ്ടുവർഷമായി ഒടുവൻകാട്ടിലെ അയൽവാസിയായ അനീഷുമൊത്താണ് ബമ്മണൂരിലെ വാടകവീട്ടിൽ താമസിച്ചിരുന്നത്. ലോറി ഡ്രൈവറാണ് അനീഷ്. വെള്ളിയാഴ്ചരാത്രി അനീഷ് വീട്ടിലുണ്ടായിരുന്നെന്നും ശനിയാഴ്ച രാവിലെയാണ് പോയതെന്നും പറയുന്നു. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണെന്ന് പോലീസ് പറഞ്ഞു. അമൃതയുടെ അച്ഛൻ: വേലായുധൻ. അമ്മ: കാർത്ത്യായനി. മക്കൾ: അനയ, അയൻ. സഹോദരൻ: അനൂപ്.
പോലീസ് പരിശോധനയ്ക്കുശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് ആലത്തൂർ ഡിവൈ.എസ്.പി. എൻ. മുരളീധരൻ പറഞ്ഞു.