പുലി രണ്ട് ആടുകളെ കൊന്നു

മണ്ണാർക്കാട്:  ഇരുമ്പകച്ചോലയിൽ പുലി രണ്ട് ആടുകളെ കടിച്ചു കൊന്നു. ഇരുമ്പകച്ചോല നല്ലുകുന്നേൽ ബെന്നി ജോസഫിന്റെ ജമ്നാപ്യാരി ഇനത്തിൽപ്പെട്ട രണ്ട് ആടുകളെയാണു കൊന്നത്. ഞായറാഴ്ച പുലർച്ചെ 1.40ഓടെയാണ് സംഭവം. കൂട്ടിൽ കെട്ടിയിരുന്ന ആടിനെ  കൊലപ്പെടുത്തി കൊണ്ടു പോകാൻ നോക്കിയെങ്കിലും പറ്റിയില്ല. തുടർന്നാണു രണ്ടാമത്തെ ആടിനെ പിടികൂടി കൊലപ്പെടുത്തി കയറു പൊട്ടിച്ചു കൊണ്ടുപോയത്. ശബ്ദം കേട്ടു ലൈറ്റിട്ടു വീടിനു പുറത്തിറങ്ങിയ ബെന്നി ജോസഫിന്റെ ഭാര്യ ഡെയ്സി, പുലി ആടിനെ കൊണ്ടു പോകുന്നതു കണ്ടു. ഉച്ചത്തിൽ ശബ്ദം വച്ചതോടെ ആടിന്റെ പിടിവിട്ടു പുലി സമീപത്തെ തോട്ടത്തിലേക്ക് ഓടി കയറുകയായിരുന്നു. ഡെയ്സിക്ക് ഇപ്പോഴും പുലിയെ നേരിട്ടു കണ്ട നടുക്കം മാറിയിട്ടില്ല, അതും കുടുംബത്തിന്റെ വരുമാനമായിരുന്ന രണ്ട് ആടുകളാണ് കൊല്ലപ്പെട്ടത്. ദിവസവും ഒന്നര ലീറ്റർ കറവയുണ്ടായിരുന്ന ആടുകളാണ് നഷ്ടമായത്. ഇതു വിറ്റുകിട്ടുന്ന തുക കുടുംബത്തിനു വരുമാനമായിരുന്നു. വർഷങ്ങൾക്കു മുൻപും ഡെയ്സിയുടെ ഒരാട്ടിൻക്കുട്ടിയെ പുലി പിടികൂടിയിരുന്നു. തൊഴിലുറപ്പു തൊഴിലാളി കൂടിയാണു ഡെയ്സി. ടാപ്പിങ് തൊഴിലാളിയായ ഭർത്താവ് ബെന്നി ജോസഫ് ദിവസങ്ങൾക്കു മുൻപു പുലിയെ കണ്ടു ഷീറ്റ് പുരയിൽ കയറി രക്ഷപ്പെട്ടെന്നും ഡെയ്സി പറഞ്ഞു. വന്യമൃഗശല്യം കാരണം ടാപ്പിങ് തൊഴിലിനും പോകാൻ പറ്റുന്നില്ല. രണ്ടു കുട്ടികളുടെ പഠനവും വീട്ടുചെലവും എല്ലാറ്റിനും കിട്ടുന്ന തുക തികയാത്ത അവസ്ഥയാണ്. ഇതിനിടെയാണു ആകെയുള്ള ആടുകളുടെ നഷ്ടവും. ആടിനെ പിടികൂടിയ വിവരമറിഞ്ഞു രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കണമെന്നും ശാശ്വത പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. വിവരം മേലധികാരികളെ അറിയിക്കുമെന്നും അവരുടെ നിർദേശ പ്രകാരം നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പു നൽകി. പുലിയാണോ വന്നതെന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും എങ്കിലും വന്യമൃഗം തന്നെയാണു ആടിനെ പിടികൂടിയതെന്നും ഇവർ പറഞ്ഞു. കൊല്ലപ്പെട്ട ആടുകളുടെ പോസ്റ്റ്മോർട്ടം നടത്തി, സംസ്കരിക്കുകയും ചെയ്തു. വീട്ടുകാർക്കു നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും അറിയിച്ചു.
Previous Post Next Post

نموذج الاتصال