
മണ്ണാർക്കാട്. മണ്ണാർക്കാട് ബി ആർസി യുടെ നേതൃത്വത്തിലുള്ള ചങ്ങാതികൂട്ടം ഭിന്നശേഷി കുട്ടികളുടെ വീട്ടിലെത്തി. ക്രിസ്മസ് ആഘോഷത്തിൻ്റെയും പുതുവൽസരാഘോഷത്തിൻ്റെയും ഭാഗമായാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്ന ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ ചങ്ങാതിക്കൂട്ടം എത്തിയത്. ഡി.എച്ച് എസ് നെല്ലിപ്പുഴ സ്കൂളിലെ ഫാത്തിമ ഷഹനയുടെ വീട്ടിൽ വെച്ച് നടന്ന ബ്ലോക്ക് തല ക്രിസ്മസ് ആഘോഷം മണ്ണാർക്കാട് മുനിസിപ്പാലിറ്റി കൗൺസിലർ മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ കുമാരൻ പി അധ്യക്ഷത വഹിച്ചു. അധ്യാപകരായ സംഗീത യു, അബ്ദുൽ കരീം കെ.പി, രമ്യ പി, രമ്യ ടി, ഉഷ കെ, മുഹമ്മദ് നഫാഹ് ശ്രീചിത്ര എ.കെ, ഷൈനി ആനന്ദ് എന്നിവർ സംസാരിച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്തും കേക്ക് മുറിച്ചുമാണ് ചങ്ങാതിക്കുട്ടം ക്രിസ്മസ് ആഘോഷിച്ചത്. സഹപാഠികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സാമൂഹികപരമായ ഉൾച്ചേർക്കൽ ലക്ഷ്യം വച്ചു കൊണ്ട് വിദ്യാലയങ്ങളിലെ തുല്യ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും,
ചേർത്തുപിടിക്കാൻ എല്ലാ സംവിധാനങ്ങളും കൂടെയുണ്ടെന്ന വിശ്വാസം ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് ഇത്തരം ചങ്ങാതിക്കൂട്ടങ്ങൾ ലക്ഷ്യമിടുന്നത്. ഫാത്തിമ ഷഹനയ്ക്ക് കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് ചങ്ങാതിക്കൂട്ടം മടങ്ങിയത്.