ബസ് യാത്രക്കിടെ പരിചയം, വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും 13 ലക്ഷവും കവര്‍ന്നു; സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയിൽ

തൃശൂര്‍: ചാലക്കുടി പരിയാരം സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. വെള്ളാങ്കല്ലൂര്‍ നടപുവളപ്പില്‍ പ്രജിത്ത് (42) ആണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സഘമാണ്  പ്രജിത്തിനെ അറസ്റ്റ് ചെയ്തത്. 2018 ല്‍ ബസ് യാത്രക്കിടെയാണ് പ്രജിത്ത് വീട്ടമ്മയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലാവുകയും, പിന്നീട് പ്രജിത്ത് വീട്ടമ്മയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി.

ഇതിനിടെ വീട്ടമ്മയുടെ ആറര പവന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വയ്ക്കാനെന്ന വ്യാജേന പ്രതി കൈവശപ്പെടുത്തിയിരുന്നു. പിന്നീട് വീട്ടമ്മ സ്വര്‍ണാഭരണങ്ങള്‍ തിരികെ ആവശ്യപ്പെട്ടു. ഇതോടെ പ്രതി ഫോണില്‍ സൂക്ഷിച്ചിരുന്ന ഇവരുടെ പല ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇങ്ങനെ ഭീഷണിപ്പെടുത്തി വീട്ടമ്മയിൽ നിന്നും 13 ലക്ഷത്തോളം രൂപ പ്രതി പലതവണകളായി കൈവശപ്പെടുത്തുകയും ചെയ്തു. വീണ്ടും പണമാവശ്യപ്പെട്ട് ശല്യപ്പെടുത്തിയതോടെയാണ്  വീട്ടമ്മ പൊലീസില്‍ പരാതി നൽകിയത് . തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Post a Comment

Previous Post Next Post