കാഞ്ഞിരപ്പുഴയില്‍ ജലസേചന വകുപ്പിന്റെ സ്ഥലത്ത് തുടങ്ങാനിരിക്കുന്ന പുതിയ വിനോദസഞ്ചാര പദ്ധതിയ്‌ക്കെതിരെ ഉയരുന്ന ആരോപണം എല്‍.ഡി.എഫിന്റെ കാലത്ത് ഒരുവികസനവും പാടില്ലായെന്നുള്ള സങ്കുചിത രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്ന് സി.പി.എം. കാഞ്ഞിരപ്പുഴ, തച്ചമ്പാറ ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതുസ്വകാര്യ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരാണ് തീരുമാനിച്ചത്. ഇതിനായി പ്രപ്പോസലും ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലയിലെ ഓരോ കമ്പനികളും വയനാട്ടിലെ ഒരു സഹകരണ സൊസൈറ്റിയുമാണ് പ്രൊപ്പസല്‍ സമര്‍പ്പിച്ചത്. ഇത് പരിശോധിച്ച ശേഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് സാക്ഷ്യപ്പെടുത്തിയ കമ്പനിയുടെ ലാഭ-നഷ്ട സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. പാലക്കാടും കോഴിക്കോടും പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. അവധി നല്‍കിയിട്ടും സ്റ്റേറ്റ്‌മെന്റ് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് മറ്റുരണ്ടുകമ്പനികളുടെ പ്രൊപ്പോസല്‍ തള്ളിയത്. കോഴിക്കോട് ആസ്ഥാനമായുള്ള കമ്പനി 161 കോടിയുടേയും പാലക്കാട് ആസ്ഥാനമായ കമ്പനി 10 കോടിയുടെ പദ്ധതിയുമാണ് സമര്‍പ്പിച്ചത്. 161 കോടി രൂപ നിക്ഷേപിക്കുന്ന കമ്പനി വരുമാനത്തിന്റെ മൂന്ന് ശതമാനവും 18ശതമാനം ജി.എസ്.ടിയും സര്‍ക്കാരിന് നല്‍കും. സര്‍ക്കാരിന് ഇത് മെച്ചമാണെന്നതിനാലാണ് കോഴിക്കോട് ആസ്ഥാനമായുള്ള എസ്.എഫ്.ഐ.ടി റീഡിഫൈന്‍ ഡെസ്റ്റിനേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനെ തെരഞ്ഞെടുത്തതെന്നും നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ മുസ്‌ലിം ലീഗ് പറയുന്നത് ഇതില്‍ അഴിമതിയുണ്ടെന്നാണ്. സര്‍ക്കാര്‍ എല്ലാകാര്യങ്ങളും ചെയ്തത് സുതാര്യമായാണ്. ആര്‍ക്കും എവിടെയും പരിശോധിക്കാം. പദ്ധതിയാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ പ്രധാനവിനോദ സഞ്ചാര കേന്ദ്രമായി കാഞ്ഞിരപ്പുഴ മാറും. മാത്രമല്ല കാഞ്ഞിരപ്പുഴയുടേയും തച്ചമ്പാറയുടെയും മുഖച്ഛായതന്നെ മാറുന്ന തരത്തിലുള്ള വികസനമാണ് സാധ്യമാവുക. സര്‍ക്കാരിന് വരുമാനമുണ്ടാക്കുന്നതിനും പൊതുജനത്തിന് കൂടുതല്‍ ഗുണകരവുമാകും. ഇതുപോലുള്ള സംരംഭങ്ങളെ അന്ധമായി എതിര്‍ക്കുന്നത് എന്തുതരം രാഷ്ട്രീയപ്രവര്‍ത്തനമാണ്. സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ വിനോദസഞ്ചാര നയത്തെ ആസ്പദമാക്കി കാഞ്ഞിരപ്പുഴയില്‍ വരുന്ന പദ്ധതിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ നിന്നും മുസ്‌ലിം ലീഗ് പിന്‍മാറണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ തച്ചമ്പാറ ലോക്കല്‍ സെക്രട്ടറി കെ.കെ രാജന്‍, കാഞ്ഞിരപ്പുഴ ലോക്കല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ്, അഡ്വ.പി.സി മാണി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags
mannarkkad