കുമരംപുത്തൂര്‍: അക്കിപ്പാടത്ത് കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്കേറ്റു. എടേരം തുപ്പിലിക്കോട് വീട്ടില്‍ ഉദയന്‍ (48) ആണ് പരിക്കേറ്റത്. അപകടത്തിൽ ഉദയന്റെ തോളെല്ലിന് പൊട്ടലേറ്റു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പയ്യനെടം മൈലാംപാടം റോഡില്‍ അക്കിപ്പാടത്ത് വെച്ചായിരുന്നു സംഭവം. വില്‍പ്പനക്കായുള്ള മീനെടുക്കുന്നതിനായി മാര്‍ക്കറ്റിലേക്ക് പോവുകയായിരുന്നു ഉദയന്‍. പൊടുന്നനെ കാട്ടുപന്നി റോഡിനു കുറുകെ എത്തുകയും ബൈക്കിലിടിക്കുകയുമായിരുന്നു. റോഡിലേക്ക് വീണ് എഴുന്നേല്‍ക്കാനാകാതെ കിടന്ന ഇദ്ദേഹത്തെ ഇതുവഴി വന്ന ടാപ്പിങ് തൊഴിലാളികള്‍ ചേര്‍ന്ന് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ഉദയനെ കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്തും, ഗ്രാമ പഞ്ചായത്ത് അംഗം അജിത്തും സന്ദര്‍ശിച്ചു.ഉദയനില്‍ നിന്നും ആശുപത്രി അധികൃതരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. ഉദയന് വേണ്ട സഹായസഹകരണങ്ങള്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ വിനോദ്കുമാര്‍ പറഞ്ഞു. വനംവകുപ്പില്‍ നിന്നും സാമ്പത്തിസഹായം ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ നടത്തുമെന്ന് രാജന്‍ ആമ്പാടത്ത് പറഞ്ഞു.
Tags
mannarkkad