14 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

അലനല്ലൂര്‍ : ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി അലനല്ലൂര്‍ പഞ്ചായത്ത് പരിധിയില്‍ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ജഡങ്ങള്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡപ്രകാരം സംസ്‌കരിച്ചതായി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കാട്ടുപന്നിശല്ല്യം രൂക്ഷമായ ഉപ്പുകുളം, മുണ്ടക്കുന്ന് വാര്‍ഡുകളില്‍ നിന്നാണ് പന്നികളെ വെടിവെച്ചുകൊന്നത്. അംഗീകൃത ഷൂട്ടര്‍മാരായ പി.എച്ച് സംഗീത്, പി.എസ് ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വാര്‍ഡ് പ്രദേശങ്ങളില്‍ പട്രോളിംങ് നടത്തി കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ തുടങ്ങിയ ദൗത്യം ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് ജഡം കണ്ടമംഗലം വനഭാഗത്ത് സംസ്‌കരിച്ചു.അലനല്ലൂര്‍ പഞ്ചായത്തിലെ ചളവ, ഉപ്പുകുളം, പടിക്കപ്പാടം, മുണ്ടക്കുന്ന്, കാട്ടുകുളം,  കൈരളി, ചിരട്ടക്കുളം, ഉണ്ണിയാല്‍, ആലുങ്ങല്‍, യത്തീംഖാന, കോട്ടപ്പള്ള, കുഞ്ഞുകുളം കാട്ടുപന്നികള്‍ കൃഷിക്കും ജീവനും ഭീഷണിയാകുന്നുണ്ട്. വാഹനങ്ങള്‍ക്ക് കുറുകെ പന്നിചാടിയും മറ്റും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആറോളം പേര്‍ക്ക് ഇത്തരത്തില്‍ പരിക്കേറ്റു. കാട്ടുപന്നശല്ല്യം പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് യുവജനസംഘടനകള്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പ്രത്യേക അധികാരം വിനിയോഗിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്‌നാസത്താര്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇതുപ്രകാരമാണ് ഇന്നലെ ഉപ്പുകുളം, മുണ്ടക്കുന്ന്, പടിക്കപ്പാടം പ്രദേശങ്ങളില്‍ നിന്നും കാട്ടുപന്നികളെ ദൗത്യസംഘം വെടിവെച്ചുകൊന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌നാസത്താര്‍, ഉപ്പുകുളം വാര്‍ഡ് മെമ്പര്‍ ബഷീര്‍ പടുകുണ്ടില്‍, കോട്ടോപ്പാടം പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ്, നിജാസ് ഒതുക്കുംപുറത്ത്, പഞ്ചായത്ത് ജീവനക്കാരായ മണി ഫിറോസ് എന്നിവരും ദൗത്യസംഘത്തോടൊപ്പമുണ്ടായിരുന്നു. പഞ്ചായത്ത് പരിധിയിലെ ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്ന നടപടി തുടരുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌നാ സത്താര്‍ അറിയിച്ചു.
Previous Post Next Post

نموذج الاتصال