മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിലെ തെരഞ്ഞെടുപ്പിന് പിന്നാലെ ജമാഅത്തെ ഇസ്‌ലാമിയെയും എസ്എഫ്ഐയെയും വിമർശിച്ച് എംഎസ്എഫ്. ക്യാംപസുകളിലെ ജമാഅത്തെ ഇസ്‌ലാമി എസ്എഫ്‌ഐ കൂട്ടുകെട്ടിനെ വിമർശിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫാണ് രംഗത്തുവന്നത്. മൗദൂദി എസ്എഫ്‌ഐ എന്നാണ് ഫേസ്ബുക്കിലൂടെയുള്ള നജാഫിന്റെ ആക്ഷേപം. മണ്ണാർക്കാട് കല്ലടി എംഇഎസ് കോളജിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എസ്എഫ്‌ഐ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് നജാഫിന്റെ പ്രതികരണം. മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിലെ ആദ്യഘട്ട റിസൾട്ട് വന്നപ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായ എംഎസ്എഫിനെ തോൽപ്പിക്കാൻ എസ്എഫ്‌ഐ വോട്ട് വാങ്ങിയത് മൗലാന മൗദൂദിയുടെ ജമാഅതെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയിൽ നിന്നാണ്. പ്രത്യുപകാരമായി 3 സീറ്റ് മാത്രമുള്ള ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി 36 സീറ്റുള്ള എംഎസ്എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി ജനറൽ ക്യാപ്റ്റനാക്കി മാറ്റിയിരിക്കുകയാണ് എസ്എഫ്‌ഐ എന്നും നജാഫ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ട് ചെയ്ത ഫ്രറ്റേണിറ്റി വിദ്യാർത്ഥികൾ തന്നെ നിങ്ങളുടെ രാഷ്ട്രീയ ധാരണ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഏറ്റവും കൗതുകം എസ്എഫ്‌ഐയുടെ മുൻ സെക്രട്ടറിയായ പിഎം ആർഷോ ആണ് ഈ തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ മുഖ്യ സൂത്രധാരൻ എന്നതാണ്. ഇത്തരത്തിൽ എസ്എഫ്‌ഐ കേരളത്തിലെ നിരവധിയിടങ്ങളിൽ വിവിധ സംഘടനകളുമായി അടവ് നയം സ്വീകരിച്ച് മുന്നോട്ട് പോകുന്നത് നമുക്ക് കാണാമെന്നും നജാഫ് പറയുന്നുണ്ട്.
ഇത്രയും പച്ചയായ കപടന്മാരെ കേരളം വേറെ കണ്ടിട്ടുണ്ടോ? തരാതരം വർഗീയ കാർഡ് ഇറക്കി അധികാരം കിനാവ് നട്ടിരിക്കുന്ന പുതിയ എസ്എഫ്‌ഐയുടെ തരാതര നിലപാടിൽ മുമ്പ് ക്യാമ്പസ് ഫ്രണ്ടിന് വരെ യുയുസി മാരെ ഉണ്ടാക്കിക്കൊടുത്തവരാണ് എസ്എഫ്‌ഐ. കപട സദാചാരം പറഞ്ഞ് ഇനിയും കേരളത്തിലെ വിദ്യാർത്ഥികളുടെ മുന്നിലേക്ക് വരരുത് കപട സദാചാര വാദികളെ, നിങ്ങളെ ഇവിടുത്തെ ജെൻ-സി പിള്ളേർ വരെ ആട്ടിയിറക്കുകയാണെന്നും നജാഫ് ഫേസ്ബുക്കിൽ കുറിച്ചു.
മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിലെ എസ്എഫ്‌ഐ വിജയത്തിൽ കെഎസ്‌യുവിനെതിരെ എംഎസ്എഫ് മുദ്രാവാക്യം വിളിച്ചിരുന്നു. കെഎസ്‌യു മുന്നണി മര്യാദ പാലിച്ചില്ലെന്നും അവസാന നിമിഷം എസ്എഫ്‌ഐയുമായി ചേർന്ന് കെഎസ്‌യു യൂണിയൻ അട്ടിമറിച്ചെന്നും എംഎസ്എഫ് നേതാവ് സഫ്‌വാൻ ആനുമൂളി പറഞ്ഞിരുന്നു
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം👇🏻