മണ്ണാർക്കാട് 220 കെ.വി. സബ് സ്റ്റേഷൻ വരുന്നു


പ്രതീകാത്മക ചിത്രം

മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാകുന്നു. മണ്ണാർക്കാട് കേന്ദ്രീകരിച്ച് 220 കെ.വി. സബ് സ്റ്റേഷൻ നിർമിക്കുന്നതിന് അനുമതിയായി. നിലവിലെ നെല്ലിപ്പുഴയിലെ 110 കെ.വി. സബ് സ്റ്റേഷന്റെ ഇടതുഭാഗത്തായിട്ടാണ് 220 കെ.വി. സബ് സ്റ്റേഷൻ നിർമിക്കുന്നത്. മണ്ണാർക്കാട് താലൂക്കിലെ പൂർണമായും അട്ടപ്പാടി താലൂക്കിലെ ഭാഗികമായും വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

നിലവിലെ 110 കെ.വി. സബ്സ്റ്റേഷനിലെയും 1974ൽ സൈലന്റ് വാലി പദ്ധതിക്കു വേണ്ടി നിർമിച്ച കോർട്ടേഴ്സുകളും പൊളിച്ചുമാറ്റി ഒരേക്കർ സ്ഥലത്താണ് ആദ്യഘട്ടത്തിൽ സബ് സ്റ്റേഷൻ നിർമിക്കുക. ബാക്കിവരുന്ന ഭാഗത്ത് കോർട്ടേഴ്സുകൾ നിർമിക്കാൻ പദ്ധതി തയ്യാറാക്കും. 220 കെ.വി. സബ് സ്റ്റേഷന് ആകെ 12 ഏക്കറോളം സ്ഥലം വേണം. ഇതിനുവേണ്ടി തത്തേങ്ങലത്ത് 15 ഏക്കർ സ്ഥലം നിലവിൽ വൈദ്യുതിവകുപ്പിനുണ്ട്. ഇവിടേക്ക് 220 കെ.വി. വൈദ്യുത ലൈൻ എത്തിക്കുമ്പോൾ മരം വെട്ടിമാറ്റലിന്റെ ബുദ്ധിമുട്ടും കൂടാതെ സൈലന്റ് വാലി ബഫർസോണുമെല്ലാം കണക്കിലെടുത്താണ് മണ്ണാർക്കാട് 110 കെ.വി. സബ് സ്റ്റേഷനോട് ചേർന്നുതന്നെ 220 കെ.വി. സബ് സ്റ്റേഷനും നിർമിക്കുക. കൂടാതെ മിനി വൈദ്യുതി ഭവനും അവസാനഘട്ട നിർമാണത്തിലാണ്.

220 കെ.വി. സബ് സ്റ്റേഷന് 226 കോടി രൂപയ്ക്കാണ് നിർമാണ ഉത്തരവ് ലഭിച്ചിട്ടുള്ളത്. ഇപ്പോൾ കേന്ദ്ര ഗവൺമെൻറിന്റെ ഗ്രാന്റ് ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയാണ്. 33 ശതമാനം ഗ്രാന്റ് ലഭിക്കുന്ന മുറയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. അതിനുള്ള ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു
Previous Post Next Post

نموذج الاتصال