മണ്ണാർക്കാട്: ആശുപത്രിപ്പടിയിൽ താലൂക്കാശുപത്രിയുടെ സമീപത്തുള്ള പെട്ടിക്കട കത്തി നശിച്ചു. ചൂരിയോട് സ്വദേശി കാസിമിന്റെ കടയാണ് പൂർണ്ണമായും നശിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് കടക്ക് തീപിടിച്ചത്. സാമൂഹ്യ വിരുദ്ധൻ തീ ഇട്ടതെന്നാണ് സംശയം. ഇന്നലെ രാത്രി കടയിലെത്തിയ സാമൂഹ്യ വിരുദ്ധൻ കാസിമിനെയും സഹോദരനെയും മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ കാസിമിനും സഹോദരനും പരിക്കേറ്റിട്ടുമുണ്ട്. ഇതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ പോലീസിൽ പരാതി നൽകിയിരുന്നു.മർദ്ദിച്ചയാൾ തന്നെയാണ് രാത്രി കടക്ക് തീ ഇട്ടത് എന്നതാണ് സംശയമുയർന്നിട്ടുള്ളത്. ബാസിത് മൂസ്ലി, രമേഷ് പൂർണ്ണിമ തുടങ്ങിയ വ്യാപാരി നേതാക്കൾ ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലം സന്ദർശിച്ചു. കാസിമിന്റെ ഉപജീവനമാണ് സാമൂഹ്യവിരുദ്ധൻ കത്തിച്ച് നശിപ്പിച്ചതെന്നും, ഇങ്ങനെയൊന്ന് ഒന്ന് ഇനി പടുത്തുയർത്താൻ വളരെയേറെ ത്യാഗം സഹിക്കേണ്ടതുണ്ടെന്നും, കുറ്റക്കാർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും വ്യാപാരി നേതാവ് ബാസിത് മുസ്ലി പറഞ്ഞു.
നഗരത്തിൽ ലഹരിവസ്തുക്കൾ വിൽക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും അതിക്രമങ്ങൾ സമീപകാലത്ത് വർദ്ധിച്ചിട്ടുള്ളതായി ആശുപത്രിപ്പടിയിലെ വ്യാപാരികൾ പറഞ്ഞു. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ ഭയമുളവാക്കുന്ന രീതിയിലാണ് ഇവരിൽ പലരുടെയും പ്രവർത്തനമെന്നും പരാതിയുണ്ട്