കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ ഉദ്യാനം നിലവിലെ ഉദ്യാനത്തില്‍ നിന്നും വ്യത്യസ്ഥത വരുത്തി നിര്‍മിക്കാനും നിര്‍ദിഷ്ട ഉദ്യാനത്തിലേക്ക് സ്റ്റീല്‍ ബ്രിഡ്ജ് നിര്‍മിക്കാനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കാഞ്ഞിരപ്പുഴ ഡാമില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കളക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്.
കാഞ്ഞിരപ്പുഴ ഉദ്യാനത്തോടു ചേര്‍ന്ന ചെക് ഡാമിന് സമീപത്തായാണ് മൂന്ന് കോടി രൂപ ലോക ബാങ്ക് ധനസഹായത്തോടെ ഉദ്യാനം നിര്‍മിക്കുന്നത്. ചെക് ഡാം നവീകരണം ജനുവരിയില്‍ ആരംഭിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ അധികൃതര്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നുണ്ട്.ഉദ്യാന നവീകരണം ജനുവരിയില്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുക, തകരാറിലായ വൈദ്യുതി വെളിച്ച സംവിധാനം വിപുലപ്പെടുത്തുക, ഉദ്യാനത്തിനകത്ത് ആവശ്യമായ ഭാഗങ്ങളില്‍ പെയിന്റിംഗ് നടത്തുക, സീസണുകളില്‍ ഫ്‌ളവര്‍ഷോ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച കോങ്ങാട് എംഎല്‍എ അഡ്വ.കെ ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ഉദ്യാന വികസന സമിതി യോഗം ചേരുകയും ഉദ്യാനത്തിലെ കുട്ടികളുടെ പാര്‍ക്ക് നവീകരിക്കാനും വാഹന പാര്‍ക്കിംഗ് വിപുലപ്പെടുത്താനും തീരുമാനിച്ചിരുന്നു. ഉദ്യാനത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് കുട്ടികളുടെ പാര്‍ക്ക് നവീകരിക്കുക. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തുന്നതിനായാണ് ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴയിലെത്തിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍, ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ലെവിന്‍സ് ബാബ് കോട്ടൂര്‍, ഓവര്‍സിയര്‍ ബിജു, ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയര്‍ ജില്ലാ കലക്ടറെ അനുഗമിച്ചു.