പുലിപ്പേടിയില്‍ വിറങ്ങലിച്ച് മലയോരം; ജനകീയ കമ്മിറ്റി നിവേദനം നല്‍കി


മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ മലയോര ഗ്രാമങ്ങള്‍ പുലിപ്പേടിയില്‍. തത്തേങ്ങലം, കരിമ്പന്‍കുന്ന്, മേലാമുറി മലയോര മേഖലകളാണ് പുലിഭീതിയില്‍ ഉറക്കം കെട്ടിരിക്കുന്നത്. കഴിഞ്ഞ നാലു മാസത്തോളമായി കാട്ടാനക്കൂട്ടവും പുലിയും നിരന്തരമായി നാട്ടില്‍ ഇറങ്ങുന്നതായാണ് പരാതി.നാലു മാസം മുമ്പ് കല്‍ക്കടി ഭാഗത്ത് പുലി ആടിനെ പിടിക്കുകയും തുടര്‍ന്ന് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും തുടര്‍ നടപടിയുണ്ടായില്ലെന്നൂം പരാതി ഉയരുന്നുണ്ട്. 13-ാം തിയതി 11 മണിക്ക് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലേക്ക് പുലി ഓടിയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 28 ആടുകളേയും നാലു വളര്‍ത്തുനായകളേയും വന്യജീവി പിടികൂടിയതായും നാട്ടുകാര്‍ പറഞ്ഞു. വന്യജീവി ശല്ല്യത്തില്‍ പൊറുതി മുട്ടിയ നാട്ടുകാരും  തെങ്കര പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നേരത്തെ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടാകാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയാണ്.  പുലിയെ കൂട് വെച്ച് പിടികൂടണമെന്നാണ് ആവശ്യം. ജനകീയ കമ്മിറ്റി ബുധനാഴ്ച മണ്ണാര്‍ക്കാട് ഡിഎഫ്ഒ എംകെ സുര്‍ജിത്തിന് നിവേദനം നല്‍കി.തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലി, ജനകീയ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ തത്തേങ്ങലം വാര്‍ഡ് മെമ്പര്‍ നജ്മുന്നിസ,കണ്‍വീനര്‍ എംകെ അബൂബക്കര്‍, പ്രദേശവാസികളായ ബിനീഷ്, ബഷീര്‍, ഖാലിദ്, ഷാഫി, മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു. കൂട് സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മൂന്ന് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് ഡിഎഫ്ഒ അറിയിച്ചിട്ടുള്ളതായി തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്ത് പറഞ്ഞു.
Previous Post Next Post

نموذج الاتصال