ചെർപ്പുളശ്ശേരി: അമ്മ കെട്ടിത്തൂക്കിയ രണ്ടരവയസ്സുകാരന് ജീവിൻ തിരിച്ചുകിട്ടിയത് പോലീസുകാരന്റെ സമയോചിതമായ ഇടപെടലിലൂടെ. ചെർപ്പുള്ളശ്ശേരി കുറ്റാനശ്ശേരി കാരയിൽവീട്ടിൽ ജ്യോതിഷ് കുമാറിന്റെ മകനാണ് മരണം മുന്നിൽ കണ്ട നിമിഷങ്ങളിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മുണ്ടൂർ ഔട്ട്പോസ്റ്റിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനായ നാട്ടുകൽ പാലോട് സി.പ്രജോഷാണ് കുട്ടിയെ രക്ഷിച്ചത്. കെട്ടിത്തൂങ്ങിയ നിലയിൽ കണ്ട കുട്ടിയെ താഴെയിറക്കി കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയതോടെയാണ് അപകടനിലതരണം ചെയ്തത്. പ്രഥമശുശ്രൂഷയ്ക്ക് ശേഷം കുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ജ്യോതിഷ്കുമാറിന്റെ ഭാര്യ ജയന്തി(24) രണ്ടര വയസ്സുള്ള മകനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത് ഡിസംബർ 13 തിങ്കളാഴ്ചയാണ്. സംഭവസമയം ജയന്തിയുടെ വീടിന്റെ തൊട്ടടുത്തുള്ള ഭാര്യവീട്ടിലായിരുന്നു പോലീസുദ്യോഗസ്ഥനായ പ്രജോഷ്. വിവരമറിഞ്ഞ് ഓടിയെത്തിയ പ്രജോഷ് വാതിൽ ചവിട്ടിപ്പൊളിച്ച് വീടിനകത്ത് കയറിയപ്പോളാണ് ജയന്തിയെയും കുഞ്ഞിനെയും തൂങ്ങിയനിലയിൽ കണ്ടത്. എന്നാൽ കുഞ്ഞിന് അനക്കമുണ്ടെന്ന് കണ്ടതോടെ കെട്ടഴിച്ച് താഴെയിറക്കുകയും കൃത്രിമശ്വാസം നൽകി അപകടനില ഒഴിവാക്കുകയുമായിരുന്നു. സർവീസിൽ കയറി ആറുവർഷമായിട്ടും ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവത്തിന് ദൃക്സാക്ഷിയാകുന്നതെന്നായിരുന്നു പ്രജോഷിന്റെ പ്രതികരണം.