ഞായറാഴ്ച വഴിയിൽ കുടുങ്ങിയ അലനല്ലൂർ സ്വദേശിയായ സ്ത്രീയെയും കുട്ടികളെയും വീട്ടിലെത്താൻ സഹായിച്ച് പൊലീസ്

പെരിന്തൽമണ്ണ: ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടായിരുന്ന ഞായറാഴ്ച വഴിയിൽ കുടുങ്ങിയ സ്ത്രീക്കും കുട്ടികൾക്കും സഹായമെത്തിച്ച് ട്രാഫിക് പൊലീസ്. 9 വയസ്സുകാരനായ മകന്റെ ചികിത്സയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന അലനല്ലൂർ സ്വദേശിനിക്കും 2 മക്കൾക്കുമാണ് പൊലീസ് തുണയായത്. 

ഇന്നലെ അതിരാവിലെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട ദീർഘദൂര ബസിലാണ് പെരിന്തൽമണ്ണയിലെത്തിയത്. അലനല്ലൂരിലേക്ക് പൊതുഗതാഗത യാത്രാ സൗകര്യമോ കയ്യിൽ അധിക പണമോ ഇല്ലാത്തതിനാൽ ഏഴും ഒൻപതും വയസ്സുള്ള മക്കളെ ചേർത്തുപിടിച്ച് റോഡിലൂടെ ന‌ടക്കുകയായിരുന്ന അമ്മയും കുഞ്ഞുങ്ങളും
വാഹന പരിശോധന നടത്തുന്ന പൊലീസിനെ കണ്ട് സഹായം തേടുകയായിരുന്നു. 

തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന  പൊലീസുകാർ ഓട്ടോകൂലിക്കുള്ള പണം സ്വരൂപിക്കുകയും,  ഇവർക്ക് നാട്ടിലെത്താൻ സുമനസ്സുള്ള ഒരു ഓട്ടോ തൊഴിലാളിയെ കണ്ടെത്തി നൽകുകയുമായിരുന്നു. പെരിന്തൽമണ്ണ ട്രാഫിക് എസ്ഐ കെ.അബ്‌ദുൽ അസീസ്, എസ്ഐ അബ്‌ദുൽ ഗഫൂർ, എഎസ്‌ഐ രാമചന്ദ്രൻ, സീനിയർ സിപിഒ മൊയ്‌തീൻ, സുരേന്ദ്ര ബാബു, സുരേഷ് എന്നിവരാണ് സഹായങ്ങളൊരുക്കിയത്.
Previous Post Next Post

نموذج الاتصال