കാട്ടുപന്നിയിടിച്ച് നാല് പേർക്ക് പരിക്ക്; രാത്രി കാലയാത്ര ഭയപ്പെടുത്തുന്നത്

                        പ്രതീകാത്മക ചിത്രം 

മണ്ണാര്‍ക്കാട്: കാട്ടുപന്നിയിടിച്ച് ബൈക്കുകളും, ഓട്ടോയും  മറിഞ്ഞ് മൂന്നിടങ്ങളിലായി നാല് പേര്‍ക്ക് പരിക്കേറ്റു. എടത്തനാട്ടുകരയില്‍ രണ്ടുപേര്‍ക്കും കുളപ്പാടം ചീരക്കുഴിയില്‍ ഒരാള്‍ക്കും, കാരാക്കുറിശ്ശിയിൽ ഓട്ടോ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയാണ് ബൈക്കുകൾ അപകടത്തിൽ പെട്ടത്. എടത്തനാട്ടുകര തോരക്കാട്ടില്‍ ചെറിയേക്കന്‍ മകന്‍ നിഖിലേഷ് (19), സുഹൃത്ത് അശ്വിന്‍ (19) എന്നിവരാണ് പരിക്കേറ്റ രണ്ടുപേര്‍. പൊന്‍പാറ റോഡില്‍ രാത്രി പത്തിനാണ് സംഭവം. അശ്വിനെ വീട്ടില്‍ കൊണ്ടുവിടാനായി പോവുന്നവഴി കാട്ടുപന്നികള്‍ റോഡിന് കുറുകെ ഓടുകയായിരുന്നു. പന്നിയെ ഇടിക്കാതിരിക്കാനായി ഇവര്‍ ബൈക്ക് നിര്‍ത്തിയെങ്കിലും കൂട്ടത്തിലൊന്ന് ബൈക്കിനെ ഇടിച്ചിടുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. വീണുകിടന്ന നിഖിലേഷിന്റെ ശരീരത്തിലൂടെ ചവിട്ടിയാണ് പന്നി ഓടിമറഞ്ഞത്. വീഴ്ചയില്‍ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു.  പരിക്കുകള്‍ സാരമുള്ളതല്ല. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ ഇരുവരും രാവിലെ ആശുപത്രിവിട്ടു.രാത്രി 11ന് കുളപ്പാടം ചീരക്കുഴി റോഡില്‍വച്ച് കാട്ടുപന്നി ബൈക്കിലിടിച്ചാണ് പ്രദേശവാസിയായ ബഷീര്‍ (45) ന് പരിക്കേറ്റത്. ഇയാളും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പരിക്ക് സാരമുള്ളതല്ല.

കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞാണ് കാരാകുറുശ്ശി ആനവരമ്പ് ഗണപതിയില്‍ വീട്ടില്‍ വിനോദ് കുമാര്‍ (50) ന് പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് സംഭവം.  'പൊന്നം കോട്ടു നിന്ന് യാത്രക്കാരനുമായി തണ്ണീര്‍ പന്തലില്‍ പോയി തിരിച്ചു വരുന്നതിനിടെ കരുവാന്‍ പടി ബാലവാടിക്കു സമീപമെത്തിയപ്പോള്‍ കാട്ടുപന്നിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞു. വാഹനത്തില്‍ നിന്നു തെറിച്ചുവീണ വിനോദ് മൊബൈല്‍ മുഖേന സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഇതിനിടെ നാട്ടുകാരുമെത്തി തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാല്‍ത്തല്ലിനു പൊട്ടലുണ്ട്.  മൂന്നു മാസത്തെ വിശ്രമം വേണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും വിനോദ് കുമാര്‍ പറഞ്ഞു. കാട്ടുപന്നികളുടെ ശല്യം കാരണം രാത്രി കാലങ്ങളില്‍ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. 

കോടതിപ്പടി ചങ്ങലീരി റൂട്ടിലെ ഒന്നാം മൈലിന്റെയും പറമ്പുള്ളിയുടെയും ഇടയിലും കാട്ടു പന്നി ശല്യം കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് രണ്ടാം മൈൽ സ്വദേശിയെ റോഡ് ക്രോസ് ചെയ്യുമ്പോൾ പന്നി കുറുകെ ചാടി ബൈക്കിൽ തട്ടി കാലിന് പരിക്ക് പറ്റി അദ്ധേഹത്തെ മദർ കെയർ ഹോസ്പ്പിറ്റലിൽ പ്രവേശിച്ചു രാത്രി വരുന്ന യാത്രക്കാർ ശ്രദ്ധിച്ച് പോവണമെന്ന് പ്രദേശവാസികൾ സൂചിപ്പിച്ചിരുന്നു

Post a Comment

Previous Post Next Post