മുൻ കേരള താരവും ബിരുദധാരിയുമായ ആദിവാസി യുവാവ് ജീവിക്കാൻ വേണ്ടി കല്ല് ചുമക്കുന്നു

അഗളി: ജീവിത പ്രാരാബ്ദങ്ങളോട് പടവെട്ടി നേടിയെടുത്ത സർട്ടി ഫിക്കറ്റുകൾ അലങ്കാര വസ്തുവായി മാറിയപ്പോൾ, മണികണ്ഠൻ കുടുംബത്തിന്റെ അരവയറ് നിറയ്ക്കാൻ കല്ലും മണ്ണും ചുമക്കുകയാണ്.
ജെല്ലിപ്പാറ മേലെ കണ്ടിയൂർ സ്വദേശി ഇരുപത്തി ഒൻപത് കാരനായ മണികണ്ഠനാണ് ഈ ദുര്യോഗം. എല്ലാ ജോലിയും  മഹത്വമേറിയതാണ് പക്ഷേ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കാത്തതിനാൽ നിരാശനാണ് മണികണ്ഠൻ,  പരേതരായ സുബ്രമഹണ്യൻ രങ്കമ്മ ദമ്പതിമാരുടെ നാല് മക്കളിൽ മൂന്നാമത്തെയാളാണ് മണികണ്ഠൻ. എം.എസ്.ഡെബ്ല്യു ബിരുദ ധാരിയും, കേരളത്തിന് വേണ്ടി മെഡൽ നേടിയ സ്പോർട്സ് താരം കൂടിയാണ് ഇദ്ധേഹം. ചെറുപ്രായത്തിലെ മാതാപിതാക്കളും ഒരു സഹോദരനും നഷ്ടപ്പെട്ടതിനാൽ ഹോസ്റ്റലിൽ നിന്നാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. ജെല്ലിപ്പാറ, കൂക്കംപാളയം, അഗളി സ്കൂളുകളിലായിരുന്നു സ്കൂൾ പഠനം. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നിന്ന് ഡിഗ്രിയും, കാലടി ശങ്കരാചാര്യ സംസ്കൃത കോളജിൽ നിന്നും പി.ജിയും പൂർത്തിയാക്കി. കോളജ് പഠനകാലത്ത് ജൂനിയർ, സീനിയർ വിഭാഗത്തിൽ പോൾവാൾട്ടിൽ കേരളത്തിനായി മെഡൽ നേടിയിട്ടുണ്ട്. പഠനം പൂർത്തിയായി അഞ്ച് വർഷം കഴിഞ്ഞുവെങ്കിലും ഇതുവരെ സ്ഥിരമായ ജോലികളൊന്നും ലഭിച്ചിട്ടില്ല.
ആദിവാസി ഇരുള വിഭാഗക്കാരനാണ്. ചെറിയ ജോലിയിൽ തുടരവെ കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടിവന്നു. അതോടെ ജീവിത വരുമാനത്തിനായി സുഹൃത്തുക്കളോടൊപ്പം കൂലി വേലക്ക് ഇറങ്ങേണ്ടി വന്നു. പി.എസ്.സിയിൽ അപേക്ഷിച്ചിരുന്നുവെങ്കിലും ഇതുവരെ വിളി എത്തിയില്ല. മുൻകാലങ്ങളെ അപേക്ഷിച്ച് പഠന കാര്യത്തിൽ മുൻ നിരയിൽ ആദിവാസികൾ എത്തുമ്പോഴും ജോലി എവിടെ എന്ന ചോദ്യ ചിഹ്നമാവുകയാണ് മണികണ്ഠനെ പോലെയുള്ള യുവാക്കൾ. ഭാര്യ ജനുഷ എം.സി.എ വിദ്യാർഥിനിയാണ്. രണ്ടര വയസുകാരി നിയോണയാണ് ഏക മകൾ.

Previous Post Next Post

نموذج الاتصال