അഗളി: മുക്കാലിയിലും പരിസരത്തുമായി വിലസുന്ന കാട്ടാന ജനജീവിതത്തിന് ഭീഷണിയാകുന്നു. ദിവസങ്ങളായി പ്രദേശത്ത് നാശം വിതയ്ക്കുന്ന ഒറ്റയാന്‍ കഴിഞ്ഞ രാത്രിയില്‍ ചെമ്മന്നൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു. പന്നീര്‍പ്പടി രാജന്റെ കാറാണ് തകര്‍ത്തത്. നേരത്തെ മുക്കാലിയില്‍ വെച്ച് ഒറ്റയാന്‍ ഓട്ടോറിക്ഷയും തകര്‍ത്തിട്ടുണ്ട്. ഡ്രൈവര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മുക്കാലിയില്‍ റോഡരുകിലെ എ.ആര്‍ ശിവരാമന്റെ പുരയിടത്തില്‍ കടന്ന് തെങ്ങ് നശിപ്പിച്ചു. വീടിനോട് ചേര്‍ന്നുണ്ടാക്കിയ കിളിക്കൂടുകള്‍ വലിച്ചിട്ട് ചവിട്ടി തകര്‍ത്തു. വനപാലകരുടെ വന്‍ സംഘം സ്ഥലത്തെത്തി ഏറെ നേരം ശ്രമിച്ചാണ് അന്ന് ആനയെ തുരത്തിയത്. ജനവാസ കേന്ദ്രങ്ങളിലും റോഡിലും നിരന്തര ശല്ല്യമായി മാറിയിരിക്കുകയാണ് കാട്ടാന. കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച മുക്കാലി ചെക്‌പോസ്റ്റിന് സമീപത്തെ വാഴത്തോട്ടത്തിലിറങ്ങിയ കാട്ടാന വിളവെടുപ്പിന് പാകമായ നൂറ് കണക്കിന് വാഴകള്‍ നിലംപരിശാക്കി. വീടുകളിലേക്ക് വരെ കാട്ടാനയെത്തി തുടങ്ങിയതോടെ മുക്കാലിയില്‍ ജനജീവിതം ഭീതിയുടെ നിഴലിലായി. ഒറ്റയാനെ തുരത്താന്‍ വനംവകുപ്പ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.