കുട്ടിയാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

                      പ്രതീകാത്മക ചിത്രം
 
അഗളി:  കുട്ടിയാനയുടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് ആദിവാസി യുവാവിന് പരിക്ക്. ഞായറാഴ്ച രാവിലെ പുതൂർ പഞ്ചായത്തിലെ ഇടവാണിയിലാണ് സംഭവം. കുറുക്കത്തിക്കല്ല് ഊരിലെ മാണിക്യനാണ് (40) പരിക്കേറ്റത്. പച്ച മരുന്നുണ്ടാക്കാനുള്ള വേരുകൾ ശേഖരിച്ച്  സഹോദരൻ നഞ്ചനോടൊപ്പം  മലയിറങ്ങിവരുമ്പോഴാണ് മാണിക്യനും നഞ്ചനും കാട്ടാനകളുടെ മുന്നിൽപ്പെട്ടത്. കാട്ടാനക്കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാന രണ്ടുപേരെയും ഓടിക്കുകയായിരുന്നു. നഞ്ചൻ  രക്ഷപ്പെട്ടെങ്കിലും മാണിക്യനെ കുട്ടിക്കൊമ്പൻ പിൻതുടർന്നു 

മരത്തിന്റെ പിറകിലൊളിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മാണിക്യനെ വിട്ടില്ല  തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി. നിലത്തുവീണ മാണിക്യനെ കാട്ടാന തൊഴിച്ച് തെറിപ്പിച്ചതായും സഹോദരൻ നഞ്ചൻ പറഞ്ഞു. പിന്നീട് ആന പോയതോടെ പരിക്കേറ്റ മാണിക്യനെ നഞ്ചൻ ചുമന്ന് ഊരിലെത്തിക്കാൻ ശ്രമിച്ചു. ഊരിൽനിന്ന് മാണിക്യനെ പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെത്തിയാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാണിക്യൻ കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കുകൾ ഗുരുതരമല്ല.

പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസർ ബി. ബിനു, സെക്ഷൻ ഓഫീസർ എം. ശ്രീനിവാസൻ, ബീറ്റ് ഓഫീസർ കെ. പ്രസാദ്, ഡ്രൈവർ വൈ. മുഹമ്മദ് സാദിഖ് എന്നിവർക്കു പുറമേ പുതൂർ ദ്രുതപ്രതികരണസംഘവും മാണിക്യനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചു.
Previous Post Next Post

نموذج الاتصال