പാലക്കാട് കൊല്ലങ്കോടിൽ യുവാവിന്റെ ബൈക്കിൽ കാറിടിച്ച് വീഴ്ത്തി, ആശുപത്രിയിലേക്കെന്ന വ്യാജേനേ കാറിലേക്ക് ബലം പ്രയോഗിച്ച് കയറ്റി തമിഴ്നാട് ഭാഗത്തേക്ക് പോയതിൽ സംശയം തോന്നിയ യുവാവിന്റെ സുഹൃത്ത് പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസിന്റെ അതിവേഗ ചെയ്സിങ്ങിൽ കാറിനെ പിന്തുടർന്ന് പിടികൂടിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് നിധി തട്ടിപ്പിന്റേയും, ആൾമാറാട്ട കഥയും പുറത്ത് വന്നത്. മധുര സ്വദേശികൾ കാറിടിച്ച് വീഴ്ത്തി തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ച കബീറും രണ്ട് സുഹൃത്തുക്കളും സ്വാമിമാരായി വേഷം കെട്ടി മധുര സ്വദേശികളുടെ ബന്ധുവിന്റെ പറമ്പിൽ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയിരുന്നു.
മധുരയിലെ താമസക്കാരനായ മലയാളിയാണ് അറസ്റ്റിലായ വിജയ്, ഗൗതം, ശിവ എന്നിവർക്ക് കബീറിനെ പരിചയപ്പെടുത്തി കൊടുക്കുന്നത്. നിധി കണ്ടെത്താൻ മിടുക്കുള്ള സ്വാമിയെന്നായിരുന്നു പറഞ്ഞത്. കബീർ അതിന് വേണ്ടി വേഷം മാറുകയും സ്വാമിയായി അഭിനയിക്കുകയുമായിരുന്നു. പൂജയിലൂടെയെന്ന വ്യാജേനെ ആ സ്ഥലത്ത് നേരത്തേ കുഴിച്ചിട്ടിരുന്ന വിഗ്രഹങ്ങളും, തകിടും കണ്ടെത്തി നൽകുകയും, നിധിക്കായി വലിയ പൂജ നടത്തണമെന്ന് തെറ്റിദ്ധരിപ്പിച്ച് കൂടുതൽ പണം തട്ടുകയുമായിരുന്നു. നിധി ലഭിക്കുന്നില്ലെന്ന് കണ്ട് മധുര സ്വദേശികൾ നടത്തിയ അന്വേഷണത്തിലാണ് പറ്റിക്കപ്പെട്ടത് അറിയുന്നത്. കബീറിനെ തട്ടിക്കൊണ്ട് പോയി വിലപേശി പണം തിരിച്ചു പിടിക്കാനായിരുന്നു ശ്രമമെന്നാണ് അറസ്റ്റിലായവരുടെ മൊഴി
മുതലമടയിലെ മാങ്ങാ കർഷകനാണ് കബീർ. കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേയാണ് തട്ടിക്കൊണ്ടുപോകുവാനുള്ള ശ്രമമുണ്ടായത്