മണ്ണാര്‍ക്കാട്: പുതിയ ദൂരവും വേഗവും കീഴടക്കി സംസ്ഥാന സ്ക്കൂൾ കായികമേളയിൽ മെഡലുകള്‍ വാരിക്കൂട്ടിയ കല്ലടി കായികരംഗത്ത് പാലക്കാട് ജില്ലയുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്ന നിലയിൽ എതിരാളിയേക്കാൾ പോയന്റ് നിലയിൽ വലിയ വിത്യാസത്തിൽ കിരീടം നിലനിർത്തുവാൻ സഹായിക്കുകയും, സ്ക്കൂൾ വിഭാഗത്തിൽ രണ്ടാമതെത്തുകയും ചെയ്ത് നാടിന്റെ യശസ്സുയർത്തിയ കല്ലടിയുടെ കായിക പ്രതിഭകള്‍ക്ക് മണ്ണാര്‍ക്കാടിന്റെ പ്രഡോജാജ്വല സ്വീകരണം. നഗരാതിര്‍ത്തിയായ നെല്ലിപ്പുഴയില്‍ വെച്ച് കായിക താരങ്ങള്‍,സ്‌കൂള്‍ മാനേജര്‍, കായിക പരിശീലകര്‍ എന്നിവരെ ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂച്ചെണ്ട് നല്‍കിയും ഹാരമണിയിച്ചും വരവേറ്റു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ താരങ്ങളെ കാല്‍നടയായി സ്‌കൂളിലേക്ക് ആനയിച്ചു.
കായിക താരങ്ങളെ കാണാന്‍ നഗരവീഥിയക്ക് ഇരുവശവും ജനം കാത്ത് നിന്നിരുന്നു. ബസ് സ്റ്റാന്റ് പരിസരത്ത് പൂച്ചെണ്ട് നല്‍കി നഗരസഭയുടെ സ്‌നേഹവും അനുമോദനവുമറിയിക്കാന്‍
ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ ബാലകൃഷ്ണന്‍,ഹംസ കുറുവണ്ണ എന്നിവരെത്തിയിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേശ് പൂര്‍ണ്ണിമ,ജോണ്‍സണ്‍, ഷെമീര്‍ യൂണിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളികളോടെ താരങ്ങളെ എതിരേറ്റു.
സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ഫിറോസ് ബാബു,ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍,അസ്ലം അച്ചു,കെപി അബ്ദു റഹ്മാന്‍,ഉമ്മര്‍ റീഗല്‍,ഷഹീര്‍ മോന്‍, ഫക്രുദ്ദീന്‍, ദീപിക, സുഹറ കാരാട്ടില്‍, റംഷാദ്, റസീല്‍, താഹിര്‍,ആഷിദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സിംഫണി മണ്ണാര്‍ക്കാട്, കോടതിപ്പടിയിലെ ചുമട്ട് തൊഴിലാളികള്‍, സലീം ഫിഫയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികള്‍, കുന്തിപ്പുഴയിലെ തൊഴിലാളി സമൂഹം, എംഇഎസ് കോളേജ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും നേരിട്ടെത്തി അനുമോദിച്ചു.
കായികതാരങ്ങള്‍ ഉള്‍പ്പടെ ഘോഷയാത്രയിൽ പങ്കെടുത്തവരുടെ സുരക്ഷ ഉറപ്പാക്കാൻ വെള്ളവും, മറ്റ് ഫസ്റ്റ് എയിഡുകളും കരുതുകയും എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി അൻവറിന്റെ നേതൃത്വത്തിൽ എച്ച്.ഡി.ഇ.പി ഫൗണ്ടേഷന്റെ വാഹനം ഘോഷയാത്രയെ അനുമഗമിച്ചിരുന്നു
തിരുവനന്തപുരത്ത് നടന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മിന്നും പ്രകടനമാണ് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കായികതാരങ്ങള്‍ കാഴ്ചവെച്ചത്. പാലക്കാട് ജില്ലയ്ക്ക് മേളയിലെ ചാമ്പ്യന്‍മാരാകാന്‍ നിര്‍ണായക പങ്ക് വഹിച്ചതും കല്ലടി സ്‌കൂളാണ്.മേളയിലെ ആദ്യ സ്വര്‍ണം മൂവായിരം മീറ്റര്‍ സീനിയര്‍ വിഭാഗത്തില്‍ കല്ലടിയുടെ മുഹമ്മദ് മസൂദിനായിരുന്നു.സബ് ജൂനിയര്‍ വിഭാഗത്തില്‍ 400,600 മീറ്ററില്‍ സ്വര്‍ണം നേടി അര്‍ഷിദ് അലി വ്യക്തിഗത ചാമ്പ്യനായതും കായിക മൈതാനത്ത് കല്ലടിയുടെ അഭിമാനമുയര്‍ത്തി.ഏഴ് സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കല മെഡലും നേടി 54 പോയിന്റ് നേടി സ്‌കൂള്‍ വിഭാഗത്തില്‍ കല്ലടി സ്‌കൂള്‍ രണ്ടാമതായി.കഴിഞ്ഞ തവണയും ഇതേ സ്ഥാനത്തായിരുന്നു വിദ്യാലയം.
നെല്ലിപ്പുഴയില്‍ നടന്ന സ്വീകരണ സ്വീകരണ യോഗം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്‌റ ഉദ്ഘാടനം ചെയ്തു.കുമരംപുത്തൂ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്, കുമരംപുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷന്‍ നൗഫല്‍ തങ്ങള്‍,നഗരസഭാ കൗണ്‍സിലര്‍ ടി ആര്‍ സെബാസ്റ്റ്യന്‍, സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം,സ്‌കൂള്‍ മാനേജര്‍ കെ സി കെ സയ്യിദ് അലി,പിടിഎ പ്രസിഡന്റ് ഹരിദാസ്,പ്രിന്‍സിപ്പല്‍ ഷെഫീക്ക് റഹ്മാന്‍,കോച്ചുമാരായ ജാഫര്‍,നാസര്‍,മീഡിയ കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഹാദി അറയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.