തിരുവനന്തപുരം: 64ാമതു സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാട് ചാമ്പ്യന്മാർ. 32 സ്വർണ്ണം ഉൾപ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. പാലക്കാടിന്റെ ഈ കിരീട നേട്ടത്തിന് പ്രധാന പങ്കു വഹിച്ച കല്ലടി എച്ച്എസ്എസ് കുമരംപുത്തൂർ സംസ്ഥാന കായികമേളയിലെ സ്ക്കൂൾ വിഭാഗത്തിൽ രണ്ടാമതാണ് ഏഴ് സ്വർണവും ആറ് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 54 പോയിന്റാണ് കല്ലടി നേടിയത്. രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശഷം കടന്നു വന്ന മേളയിൽ രണ്ട് ദേശീയ റെക്കോഡുകളാണ് പുതുക്കിയത്. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് 149 പോയിന്റുകളാണുള്ളത്.
കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ എറണാകുളം 81 പോയിന്റുമായി പട്ടികയിൽ അഞ്ചാമതാണ്. പാലക്കാട് ജില്ലയുടെ അഭിമാനമായി മാറിയ കല്ലടിയിലെ കായിക താരങ്ങൾക്ക് വൻ സ്വീകരണമൊരുക്കി കാത്തിരിക്കുകയാണ് നാട്. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി നാളെ രാവിലെ മണ്ണാർക്കാട് എത്തുന്ന കല്ലടിയിലെ കായിക താരങ്ങളെ രാവിലെ 10 മണിക്ക് നെല്ലിപ്പുഴയിൽ വെച്ച് ജനപ്രതിനിധികളുടേയും, സാമൂഹ്യപ്രവർത്തകരുടേയും, വിവിധ സംഘടന പ്രതിനിധികളുടേയും വിദ്യാഭ്യാസ രംഗത്തെ ഓഫീസർമാരുടേയും നേതൃത്വത്തിൽ സ്വീകരിക്കുകയും, തുടർന്ന് ശിങ്കാരി മേളത്തോടെ എൻഎസ്എസ്, എൻസിസി, സ്കൗട്ട്, ഗൈഡ് ടീമുകളുടെ അകമ്പടിയോടെ നഗരത്തിലൂടെ വിവിധ സംഘടനകളുടെയും, ജനങ്ങളുടേയും അനുമോദനം ഏറ്റു വാങ്ങി കൊണ്ടുള്ള ഘോഷയാത്രയോടെയായിരിക്കും കല്ലടി സ്ക്കൂളിലേക്ക് സ്പോർട്സ് താരങ്ങൾ എത്തുക