തിരുവനന്തപുരം; സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പാലക്കാടിന് ആദ്യ സ്വർണം. 3000 മീറ്റർ ഓട്ടമത്സരത്തിന്റെ സീനിയർ ബോയ്‌സ് വിഭാഗത്തിൽ കുമരംപുത്തൂർ കല്ലടി ഹയർ സെക്കന്ററി സ്‌കൂളിലെ മുഹമ്മദ് മഷൂദാണ് സ്വർണ്ണം കരസ്ഥമാക്കിയത്. രാവിലെ ഏഴ് മണിക്ക് സീനിയർ ആൺകുട്ടികളുടെ മൂവായിരം മീറ്റർ ഓട്ടമത്സത്തോടെയാണ് ട്രാക്കുണർന്നത്. ചൊവ്വാഴ്ച്ച വരെ നീളുന്ന കായികമേളയിൽ ആകെ മത്സരരംഗത്തുള്ളത് 2737 താരങ്ങളാണ്. ചന്ദ്രശേഖർ നായർ, യൂണിവേഴ്‌സിറ്റി സ്റ്റേഡിയങ്ങളിൽ രാത്രിയിലും പകലുമായി 98 ഇനങ്ങളിലാണ് മത്സരം. സീനിയർ വിഭാഗങ്ങളുടെ 3000മീറ്ററാണ് ആദ്യമത്സര ഇനം. എല്ലാ വിഭാഗങ്ങളുടേയും 400 മീറ്റർ ഫൈനൽ മത്സരവും ഇന്ന് നടക്കും. ഇന്നൊഴികെ ബാക്കി ദിവസങ്ങളിൽ രാവിലെ 6.30 മുതൽ രാത്രി 8.30 വരെ മത്സരങ്ങൾ ഉണ്ടാകും. താമസ ഭക്ഷണ സൗകര്യങ്ങളിൽ പഴുതടച്ച ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വൈകിട്ട് മുഖ്യമന്ത്രിയാണ് മേള ഒദ്യോഗികമായി ഉത്ഘാടനം ചെയ്യുക.