കണ്ണൂർ: മരണം കൺമുന്നിൽ കണ്ടും മനസാന്നിധ്യം കൈവിടാതെ പ്രജിത്ത് രക്ഷിച്ചത് നാല് ജീവനുകൾ, ഒടുവിൽ വിധിയോട് തോറ്റ് നാടിനെ കണ്ണീരിലാഴ്ത്തി പ്രിയതമയോടൊപ്പം പ്രജിത്തും വിട പറഞ്ഞു.
ഇന്ന് രാവിലെ ഭാര്യക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുറ്റ്യാട്ടൂരിൽ നിന്നും ആശുപത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു പ്രജിത്തും റിഷയുടെ കുടുംബവും. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം വെച്ച് കാറിന് തീപിടിച്ചപ്പോൾ പ്രജിത്ത് ആണ് വാഹനത്തിന്റെ പിൻസീറ്റിലിരുന്നവരെ ഡോർ തുറന്നു നൽകി നൺ രക്ഷിച്ചത്. ഭാര്യയെ രക്ഷിക്കാൻ മുൻവശത്തെ സീറ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും ലോക്ക് മാറ്റാൻ കഴിയാതിരുന്നതിനാൽ ഉള്ളിൽ തന്നെ അകപ്പെടുകയായിരുന്നു. പിൻവശത്തെ ഡോർ തുറന്നു കൊടുത്തതു കൊണ്ടു മാത്രമാണ് റീഷയുടെ പിതാവ് ആർടിസ്റ്റ് വിശ്വനാഥൻ, അമ്മ ശോഭന , വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജ്ന , പ്രജിത്ത് - റീഷ ദമ്പതികളുടെ മകൾ ഏഴു വയസുകാരി ശ്രീപാർവതി എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.