മണ്ണാർക്കാട്: അരകുർശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് ഇന്ന് ചെട്ടിവേലയോടെ സമാപനമാകും. ദേശങ്ങളെല്ലാം വേലയ്ക്കായുള്ള ഒരുക്കങ്ങൾ ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. ഇന്ന് വൈകീട്ട് മൂന്നുമുതൽ നാലുവരെ യാത്രാബലി-താന്ത്രിക ചടങ്ങുകൾ നടക്കും. തുടർന്ന് നാലിന് പഞ്ചവാദ്യത്തോടെ സ്ഥാനീയചെട്ടിയാന്മാരെ ക്ഷേത്രത്തിലേക്ക് ആനയിക്കും. ഉദയർകുന്ന് ഭഗവതി ക്ഷേത്രം, ധർമർ കോവിൽ, ഓട്ടോസ്റ്റാൻഡ് വേല, അരയങ്ങോട്, മാസപ്പറമ്പ്-കൈതച്ചിറ, മുണ്ടക്കണ്ണി, മുക്കണ്ണം, നായാടിക്കുന്ന്, പാറപ്പുറം എതിർപ്പണം ദേശങ്ങളിൽനിന്ന് വേലകളെത്തും. സാംസ്കാരികഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് നീങ്ങും. മണ്ണാർക്കാടിന്റെ തെരുവോരങ്ങളും ജനനിബിഡമാകും. വൈകീട്ട് ആറിന് ക്ഷേത്രത്തിൽ ദീപാരാധനയും ഏഴിന് ആറാട്ടും നടക്കും. 21 പ്രദക്ഷിണത്തോടെ പൂരത്തിന് കൊടിയിറങ്ങും.
ഉദയർകുന്ന് ഭഗവതിയുടെ വലിയാറാട്ട് ആഘോഷമായി
വാദ്യവിശേഷങ്ങളും വർണ്ണക്കാഴ്ചകളുമൊരുക്കി അരകുർശ്ശി ഉദയർകുന്ന് ഭഗവതിയുടെ വലിയാറാട്ട് ആഘോഷമായി. വലിയാറാട്ട് ദിവസമായ ഇന്നലെ രാവിലെ 8.30 ന് ഭഗവതി ആറാട്ടിനിറങ്ങി. മംഗലാംകുന്ന് അയ്യപ്പൻ ഭഗവതിയുടെ തിടമ്പേറ്റി. മച്ചാട് ഗോപാലകൃഷ്ണൻ, പട്ടാമ്പി കർണനുൾപ്പടെയുള്ള എട്ടോളം
ആനകൾ അയ്യപ്പന് ഇരുവശത്തായി നിരന്നു. വാദ്യമേളങ്ങളും, കോമരങ്ങളും ഭക്തരും അകമ്പടിയായി ഭഗവതിയെ ആറാട്ടിന് ആനയിച്ചു.
കുന്തിപ്പുഴയിൽ ആറാട്ട് കഴിഞ്ഞ് ക്ഷേത്രത്തിലേക്ക്
തിരിച്ചെഴുന്നെള്ളി ക്ഷേത്രമുറ്റത്ത് ഗജവീരൻമാർ അണിനിരന്ന കാഴ്ച ചോതോഹരമായി.
ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശിച്ച്
ആനകൾ ഭഗവതിയെ തൊഴുത് മടങ്ങി. തുടർന്ന് നടന്ന മേജർസെറ്റ് പഞ്ചവാദ്യം പൂരപ്രേമികളെ ആവേശത്തിലാറാടിച്ചു.
രാത്രി ഒമ്പതിന് ആറാട്ടെഴുന്നള്ളിപ്പും തുടർന്ന് പെരുവനം സതീശൻമാരുടെ നേതൃത്വത്തിൽ 90 ഓളം വാദ്യകലാകാരൻമാർ അണി നിരന്ന പഞ്ചാരിമേളവുമുണ്ടായി. വർണ്ണപകിട്ടാർന്ന കുടമാറ്റവും നടന്നു. തുടർന്ന് ഇടയ്ക്ക പ്രദക്ഷിണം കാഴ്ചവേലി എന്നിവയും നടന്നു