മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് റണ്ണേഴ്‌സ് ക്ലബ്ബ് കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ പദയാത്ര നടത്തി. കാടും പ്രകൃതിയും സമ്പത്താണെന്നും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്ന സന്ദേശമുയര്‍ത്തിയായിരുന്നു പദയാത്ര. റണ്ണേഴ്‌സ് ക്ലബ്ബ് ആരംഭിച്ച് അമ്പതാം ദിവസത്തോടനുബന്ധിച്ചായിരുന്നു സാമൂഹ്യ ഇടപെടല്‍.
മണ്ണാർക്കാട്ട് ആദ്യമായി രൂപം കൊണ്ട റണ്ണേഴ്സ് ക്ലബ്ബ് ഇതിനകം തന്നെ വിവിധ മാരത്തോണുകളിൽ പങ്കെടുത്ത് മണ്ണാർക്കാടിന് പുറത്തും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന റണ്ണേഴ്സ് ക്ലബ്ബ്, അതിന്റെ ഭാഗമായി തന്നെയാണ് പ്രകൃതി സംരക്ഷണ ബോധവൽക്കരണ സന്ദേശ യാത്രകളും സംഘടിപ്പിക്കുന്നത്.
ഓരോ കാട്ടുതീയും നശിപ്പിക്കുന്നത് അനേകം കോടി സൂക്ഷ്മ ജീവികളെയാണെന്ന് ജനങ്ങളെ ബോധവൽക്കരിക്കുക. കാടും പ്രകൃതിയും നമ്മുടെ സമ്പത്താണ് അത് സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ് എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുക എന്നീ ലക്ഷ്യത്തോടെ ആനമൂളി ചെക്ക്‌പോസ്റ്റില്‍ നിന്നും ആരംഭിച്ച സന്ദേശ ബോധവൽക്കരണ പദയാത്ര പത്താം മൈല്‍ വളവിലെത്തി തിരിച്ച് ചെക്‌പോസ്റ്റില്‍ സമാപിച്ചു.
റണ്ണേഴ്‌സ് ക്ലബ്ബ് കണ്‍വീനര്‍ അസ്ലം അച്ചു, നഷീദ് പിലാക്കല്‍,സലാം കരിമ്പന, സി ഷൗക്കത്ത്, ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍ പുരുഷോത്തമന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി നഞ്ചി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബാബു, റഫീഖ്, സവിത, ഭാനുപ്രിയ, ഫോറസ്റ്റ് വാച്ചര്‍മാരായ രാജേഷ്, ലക്ഷ്മി, റണ്ണേഴ്‌സ് ക്ലബ്ബ് അംഗങ്ങളായ ഷാജഹാന(ടുട്ടു), ജലീല്‍, ഉണ്ണീന്‍കുട്ടി, വിനോദ്, അനീസ്, നാസര്‍, മുനീര്‍ മാസ്റ്റര്‍, സൈക്കിൾ ക്ലബ് അംഗങ്ങളായ അബ്ദു ഒമൽ, ഷിനോജ് എന്നിവര്‍ പങ്കെടുത്തു.