മണ്ണാർക്കാട് നഗരസഭ ബജറ്റ് അവതരിപ്പിച്ചു

മണ്ണാർക്കാട്: കുടിവെള്ളത്തിനും വിദ്യാഭ്യാസത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകി സമസ്ത മേഖലകളിലേയും അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കിയുമുള്ള 2023 -2024 ബജറ്റ് മണ്ണാർക്കാട് നഗരസഭ അവതരിപ്പിച്ചു. ചെയർമാൻ സി മുഹമ്മദ് ബഷീറിൻറെ അധ്യക്ഷതയിൽ വൈസ് ചെയർപേഴ്സൺ പ്രസീത ആണ് ബജറ്റ് അവതരിപ്പിച്ചത്.  കുടിവെള്ള ലഭ്യതയും ജലസംരക്ഷണവും ലക്ഷ്യമിട്ട് 15.31 കോടിയും.  ഓഫീസ്, ഷോപ്പിംഗ് കോംപ്ലക്സ് കം ഷീ ലോഡ്ജ് കെട്ടിട സമുച്ചയ നിർമ്മാണത്തിന് 15 കോടിയും. ആയുർവേദചികിത്സാ രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുന്ന ആധുനിക കെട്ടിടത്തിന്റെ നിർമ്മാണമുൾപ്പെടെ ആരോഗ്യ മേഖലക്കായി 4.70 കോടിയും വകയിരുത്തിയിട്ടുള്ളതും മാലിന്യനിർമ്മാർജ്ജന രംഗത്തെ പ്രവർത്തനങ്ങൾക്കായി 2.36 കോടിയും ക്രിമറ്റോറിയം നിർമ്മാണത്തിനായി 1.90 കോടിയും വിദ്യാഭ്യാസ-കലാസാംസ്കാരിക മേഖലയ്ക്കായി 2 കോടിയും ഭവനനിർമ്മാണ പദ്ധതിക്കായി 1.70 കോടിയും മറ്റ് മേഖലകളിലെ വികസനപ്രവർത്തനങ്ങൾക്കായി 41.3 കോടി രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്.

പവർഗ്രിഡ് സോളാർ ഉപയോഗിച്ചുള്ള വൈദ്യുതോത്പാദനം, അമ്മയുംകുഞ്ഞും പദ്ധതിയിൻ കീഴിൽ നവജാത ശിശുക്കൾക്ക് സ്നേഹസമ്മാനം, തൂമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണം, വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ കേന്ദ്രീകൃത മാലിന്യസംസ്കരണ യൂണിറ്റുകൾ, എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷനും ജലസംരക്ഷണവും ലക്ഷ്യമാക്കിയും സ്കൂളുകൾക്കും അംഗനവാടികൾക്കും കെട്ടിടങ്ങൾ, പുതിയ മോർച്ചറി/ക്രിമറ്റോറിയം കെട്ടിടങ്ങൾ, കുന്തിപ്പുഴയിൽ ചെക്ക്ഡാം, ലൈബ്രറിയോടുകൂടിയ സാംസ്കാരിക കേന്ദ്രം, ഹെൽത്ത് വെൽനെസ്സ് സെന്ററുകൾ, സ്പോർട്സ് പരിശീലനം തുടങ്ങി വിവിധ പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ആകെ 2,74,85,969 രൂപ മുൻനീക്കിയിരുപ്പും 82,01,75,492 രൂപ തൻവർഷത്തെ വരവും ഉൾപ്പെടെ ആകെ 84,76,61,461 രൂപയുടെ ബജറ്റാണ് ഇന്ന് ചേർന്ന നഗരസഭാ കൗൺസിൽ അംഗീകരിച്ചത്.
Previous Post Next Post

نموذج الاتصال