മണ്ണാര്‍ക്കാട് : പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പീഡിപ്പിച്ചു എന്നാരോപിച്ച് ഭാര്യ നല്‍കിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. പട്ടാമ്പി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് പോക്സോ കേസില്‍ വിധി പുറപ്പെടുവിച്ചത്.
2022 ജൂണ്‍ 14നാണ് ഇതുസംബന്ധിച്ച് മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷത്തിനുശേഷമായിരുന്നു പരാതി. വിവാഹത്തിന് മുമ്പ് ഇരുവരും പ്രണയത്തിലായിരുന്നു, പത്താംക്ലാസുകാരിയായിരുന്ന സമയത്ത് ഭര്‍ത്താവ് ശാരീരികബന്ധത്തിലേര്‍പ്പെട്ടു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരി സ്വദേശിക്കെതിരേയാണ് 23 കാരിയായ ഭാര്യ പോക്സോ നിയമപ്രകാരം പരാതി നല്‍കിയത്. ഇതുപ്രകാരം യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്യുകയും റിമാന്‍ഡു ചെയ്യുകയും ചെയ്തു. ഇതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ എട്ടുദിവസം കഴിഞ്ഞപ്പോള്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി യുവാവിന് ജാമ്യം അനുവദിച്ചിരുന്നു.
പ്രണയത്തിലായിരുന്ന ഇരുവരും 2021 നവംബര്‍ 28-ന് പാലക്കാട് കല്പാത്തിക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. പാലക്കാട് നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് യുവതി ബഗളൂരുവില്‍ ഫിസിയോതെറാപ്പി കോഴ്‌സ് പഠിക്കാന്‍ പോയി. പിന്നീട് ഇരുവര്‍ക്കുമിടയില്‍ സാമ്പത്തികപ്രശ്നങ്ങളും അസ്വാരസ്യങ്ങളും ഉടലെടുത്തതായി പറയുന്നു.
ഭാര്യ നല്‍കിയ പരാതി പോക്സോ കേസ് ദുരുപയോഗം ചെയ്താണെന്ന ഭര്‍ത്താവിന്റെ വാദം അംഗീകരിച്ചും കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയുമാണ് യുവാവിനെ കോടതി വെറുതേവിട്ടത്.