മണ്ണാർക്കാട്: തേങ്ങയിടാൻ തെങ്ങിൽ കയറിയ യുവാവ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വീണു മരിച്ചു. തിരുവിഴാംകുന്ന് കാപ്പുപറമ്പ് ചാച്ചിപ്പാടൻ വീട്ടിൽ ഹനീഫയുടെ മകൻ അസ്കറാണ് (28) മരിച്ചത്. തേങ്ങയിടാൻ കയറവേ മരക്കൊമ്പിൽവീണ തെങ്ങിൻപട്ട എടുത്തുമാറ്റാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റാണ് അപകടം.
ശനിയാഴ്ച രാവിലെയാണ് സംഭവം. കുമഞ്ചേരി ഉമ്മറിന്റെ വീട്ടു വളപ്പിലെ തെങ്ങിൽ തേങ്ങിയിടാൻ കയറിയതായിരുന്നു അസ്കർ. ഉണക്കപ്പട്ട എടുത്തുമാറ്റുന്നതിനിടയിൽ വൈദ്യുതലൈനിൽ പട്ട തട്ടുകയും അസ്കറിന് ഷോക്കേൽക്കുകയുമായിരുന്നു. ഷോക്കേറ്റ അസ്കർ 11 കെ.വി. ലൈനിന് മുകളിലേക്കാണ് തെറിച്ചുവീണത്. തുടർന്ന്, താഴേക്കു പതിക്കുകയായിരുന്നു.
വീഴ്ചയിലും ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ഓടിയെത്തി അസ്കറിനെ വട്ടമ്പലം മദർകെയർ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ വൈകുന്നേരത്തോടെ മരിച്ചു. മണ്ണാർക്കാട് പോലീസ് തുടർനടപടി സ്വീകരിച്ചു
അഷ്‌കറിന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കാപ്പുപറമ്പ് നൂറുൽഹുദാ മദ്രസയിൽ പൊതു ദർശനത്തിന് വെക്കും എന്നാണ് അറിയാൻ കഴിയുന്നത്. തുടർന്ന് ഖബറടക്കം നടക്കും
മാതാവ്: കദീജ. ഭാര്യ: സീനത്ത്. മകൻ: ഹാദിൽ മുഹമ്മദ്. സഹോദരൻ: സുൽഫിക്കർ അലി.