കല്ലടിക്കോട്: പാലക്കാട് - കോഴിക്കോട് ദേശീയപാത പനയമ്പാടത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരികളായ രണ്ട് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. പോലീസ് പരിശോധനയിൽ അപകടത്തിൽപ്പെട്ട ബൈക്കിൽനിന്ന് കഞ്ചാവ് കണ്ടെടുത്തു.
ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കരിമ്പ ഹൈസ്കൂളിലേക്ക് തിരിയുന്നതിന് സമീപത്ത്. പാലക്കാട് ഭാഗത്തുനിന്ന് വന്ന ബൈക്ക്, സ്കൂളിൽനിന്ന് വരികയായിരുന്ന ഓട്ടോയിൽ തട്ടുകയും തുടർന്ന് വിദ്യാർഥിനികളെ ഇടിക്കുകയുമായിരുന്നു. കരിമ്പ സ്കൂൾ വിദ്യാർഥിനികളായ ഷിമ ഫാത്തിമ (17), അക്ഷയ (17) എന്നിവർക്കും ബൈക്ക് യാത്രക്കാരായ കരിമ്പ പാലളം സ്വദേശി ബിബിൻ (23), ധ്യാൻ (23) എന്നിവർക്കുമാണ് പരിക്കേറ്റത്. എല്ലാവരെയും തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ലടിക്കോട് പോലീസ് ബൈക്കിൽ നടത്തിയ പരിശോധനയിലാണ് ബൈക്കിന്റെ സീറ്റിനടിയിൽനിന്ന് കഞ്ചാവുപൊതി കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനുശേഷം നടപടി സ്വീകരിക്കുമെന്ന് കല്ലടിക്കോട് പോലീസ് പറഞ്ഞു.