മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസിന്റെ ഒരുവശം സ്വകാര്യബസിൽ ഉരഞ്ഞത് യാത്രക്കാരെ ഭയചകിതരാക്കി. ബുധനാഴ്ച രാവിലെ 7.45-ന് വട്ടമ്പലം ജങ്ഷനിലാണ് സംഭവം. കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഇരുബസുകളും. യാത്രക്കാരെ കയറ്റാനായി നിർത്തിയ സ്വകാര്യബസിനെ കെ.എസ്.ആർ.ടി.സി. ബസ് മറികടക്കുന്നതിനിടെ സ്വകാര്യബസിൽ ഉരസിനിൽക്കുകയായിരുന്നു. വലതുഭാഗത്തിരുന്ന യാത്രക്കാർ ഈ സമയം ഭയന്ന് നിലവിളിക്കുകയും ചെയ്തു. ബസുകൾ നിർത്തിയിട്ടതോടെ റോഡിൽ ഗതാഗതവും സ്തംഭിച്ചു. കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് കാരണമെന്ന് ബസ്ജീവനക്കാരും യാത്രക്കാരും ആരോപിച്ചത് ബഹളത്തിനിടയാക്കി.
അപകടത്തിൽ സ്വകാര്യബസിന്റെ മുന്നിലെ കണ്ണാടി പൊട്ടി. കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിലിൽ ചെറിയ പോറലുമേറ്റു. പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. രണ്ട് ബസിലെയും യാത്രക്കാരെ പിന്നീട് മറ്റ് ബസുകളിൽ കയറ്റിവിട്ടു. ബസുകൾ പിന്നീട് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇരുകൂട്ടർക്കും പരാതിയില്ലെന്ന് അറിയിച്ചതോടെ കേസെടുത്തില്ലെന്ന് മണ്ണാർക്കാട് സി.ഐ. ബോബിൻ മാത്യു അറിയിച്ചു.