മിനിലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

അലനല്ലൂര്‍: കുമരംപുത്തൂര്‍ - ഒലിപ്പുഴ സംസ്ഥാനപാതയില്‍  അലനല്ലൂരിന് സമീപം കാരയില്‍ മിനി ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന മഞ്ചേരി ഇലങ്കൂര്‍ നടുവിലകളത്തില്‍ വീട്ടില്‍ മുഹമ്മദ് അലിയുടെ മകന്‍ അബ്ദുള്‍ ജലീല്‍ (55), ഇളയിടത്ത് വീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് അസ്ലം (28) എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ആറ് മണി കഴിഞ്ഞ് അല്‍ഹസീര്‍ അറബിക് കോളജിനടുത്തുള്ള വളവില്‍ വെച്ചായിരുന്നു അപകടം. മഞ്ചേരിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഇന്നോവ കാറും പാലക്കാട് ഭാഗത്ത് നിന്നും മൈസൂരിലേക്ക് പച്ചക്കറിയെടുക്കാനായി പോവുകയായിരുന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഡ്രൈവര്‍ സീറ്റിന്റെ ഭാഗം പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണം തെറ്റിയ ലോറി പാതയോരത്തെ കടയുടെ മുന്നിലുള്ള കോണ്‍ക്രീറ്റ് തിട്ടയില്‍ ഇടിച്ച് നിന്നും. ലോറിയുടെ മുന്‍വശവും തകര്‍ന്നു. നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ ജലീലിനേയും അസ്ലമിനേയും ആദ്യം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Previous Post Next Post

نموذج الاتصال