പ്രതീകാത്മക ചിത്രം
കാഞ്ഞിരപ്പുഴ . വാടക വീട്ടിലെ കുടിവെള്ള ടാങ്കിൽ മണ്ണെണ്ണ കലർത്തിയതായി പരാതി. പാലാംപട്ട തൊടുകാട്ടിൽ സജീഷാണ് മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സജീഷും ഭാര്യയും രണ്ടു കുട്ടികളും താമസിക്കുന്ന വാടക വീട്ടിലെ ടാങ്കിലാണ് മണ്ണെണ്ണ കലർത്തിയതെന്നു പറയുന്നത്. വാടകവീട്ടിൽ നിന്നിറങ്ങാത്തതിനെ സംബന്ധിച്ച് ഇവർതമ്മിൽ അസ്വാരസ്യം നിലനിന്നിരുന്നതായി പോലീസ് പറയുന്നു. ഒരുവർഷത്തിലേറെയായി സജീഷും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട്.
കാലാവധി കഴിഞ്ഞിട്ടും ഇവർ ഇറങ്ങാത്തതിനെ തുടർന്ന് നാട്ടുകാരുടെ മധ്യസ്ഥതയിൽ വീണ്ടും താമസം തുടർന്നുവരികയായിരുന്നുവെന്നും ഇതിനിടെയാണ് മണ്ണെണ്ണ കലർത്തിയതായുള്ള പരാതിയെന്നും പോലീസ് പറഞ്ഞു. വിവരം പഞ്ചായത്തിലെ ആരോഗ്യവിഭാഗത്തെയും അറിയിച്ചു. അധികൃതരെത്തി കുടിവെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി നൽകി.