അലനല്ലൂർ: അലനല്ലൂരിൽ തുടരെ ഉണ്ടായ തെരുവ് നായ ആക്രമണത്തിൽ നിർമ്മാണ തൊഴിലാളിക്ക് പരിക്കേറ്റു. പിലാച്ചോലയിൽ നിർമാണ ത്തൊഴിലാളിക്കാണ് തെരുവുനായയുടെ കടിയേറ്റത്. എടത്തനാട്ടുകര പടിക്കപ്പാടം പാറോക്കോട് അയ്യപ്പന്‍റെ (38) മുഖത്താണ് നായ കടിച്ചത്.
വീടുനിർമാണസ്ഥലത്തുവെച്ച് ശനിയാഴ്ച രണ്ടരയോടെയാണ് സംഭവം. അലനല്ലൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. വെള്ളിയാഴ്ച അലനല്ലൂർ ടൗണിൽ ചന്തപ്പടിയിൽവെച്ച് കാട്ടുകുളം സ്വദേശിയെ തെരുവുനായ കടിച്ചിരുന്നു.
തെരുവുനായയുടെ ആക്രമണം വ്യാപകമാകുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.