പ്രതീകാത്മക ചിത്രം
മണ്ണാർക്കാട്: വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. പുത്തൻകളത്തിൽ ഹബീബ് റഹ്മാന്റെ മകൻ ഹഫീസ് റഹ്മാനാണ് (19) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് അപകടം. രക്ഷിതാക്കൾക്കൊപ്പം ആന്ധ്ര പ്രദേശിൽ താമസിക്കുന്ന ഹഫീസ് ബന്ധുവിന്റെ കല്ല്യാണത്തിന് പങ്കെടുക്കാൻ മണ്ണാർക്കാട് എത്തിയതായിരുന്നു. കോടതിപ്പടി ചോമേരി ഗാർഡനിലെ കുളത്തിലാണ് അപകടത്തിൽപ്പെട്ടത്. ഹഫീസ് റഹ്മാന്റെ ഉമ്മയുടെ വീടാണ് മണ്ണാർക്കാട്. ശനിയാഴ്ച വൈകീട്ട് ബന്ധുക്കളായ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാർ കുളത്തിൽ ഇറങ്ങി തിരച്ചിൽ നടത്തുകയും ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. ഹഫീസിനെ കണ്ടെത്തി ഉടനടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്ധ്രയിൽ എൻഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയാണ് മരിച്ച ഹഫീസ്.
മാതാവ്: നൗറത്ത്