മണ്ണാർക്കാട്: താലൂക്കാശുപത്രിയിൽ പ്രസവശുശ്രൂഷയിലെ കുറവുകൾ പരിഹരിക്കാൻ ഒരു അനസ്തറ്റിസ്റ്റിനെക്കൂടി അധികമായി നിയമിക്കുന്നു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
മുൻപ് രണ്ട് അനസ്തറ്റിസ്റ്റുമാരുടെ സേവനമുണ്ടായിരുന്നിടത്ത് നിലവിൽ മലപ്പുറത്തുനിന്ന് വന്നുപോകുന്ന ഡോക്ടർ മാത്രമാണുള്ളത്. 24 മണിക്കൂറും അനസ്തറ്റിസ്റ്റിന്റെ സേവനമില്ലാത്തത് പ്രശ്നമാണെന്ന് ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഒരുമാസം ശരാശരി 100 പ്രസവങ്ങൾ നടന്നിരുന്ന ആശുപത്രിയിൽ നിലവിൽ അഞ്ചിൽത്താഴെ പ്രസവങ്ങളാണ് നടക്കുന്നത്. ഈ മാസം മൂന്ന് പ്രസവങ്ങളേ നടന്നിട്ടുള്ളൂ. ഏറ്റവും അവസാനം നൂറിലേറെ പ്രസവം നടന്നത് 2022 മാർച്ചിലാണ്.
അനസ്തറ്റിസ്റ്റുകൂടിയായ തെങ്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറെ ഇവിടേക്ക് നിയമിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ക്രമീകരണമേർപ്പെടുത്തുമെന്ന് യോഗം ഉദ്ഘാടനംചെയ്ത എൻ. ഷംസുദ്ദീൻ എം.എൽ.എ. പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പുനൽകിയതായും അദ്ദേഹം അറിയിച്ചു. പരിചയസമ്പന്നരായ ഗൈനക്കോളജി ഡോക്ടർമാരെ നിയമിക്കാനും ആരോഗ്യവകുപ്പ് മന്ത്രിയോട് ആവശ്യപ്പെടും. അടുത്ത നിയമസഭാ സമ്മേളനത്തിൽ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ അധ്യക്ഷനായി. ആശുപത്രിയിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കായി 14 ലക്ഷം രൂപയും മോർച്ചറി നവീകരണത്തിനായി 20 ലക്ഷം രൂപയും നഗരസഭ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇതിന്റെ ടെൻഡർ നടപടികളിലാണ്. മാലിന്യസംസ്‌കരണത്തിനായി തുമ്പൂർമുഴി മോഡൽ മാലിന്യസംസ്‌കരണ കേന്ദ്രം, ബയോഗ്യാസ് പ്ലാന്റ്, ബോട്ടിൽ ബൂത്ത് എന്നിവ സ്ഥാപിക്കുമെന്നും ചെയർമാൻ പറഞ്ഞു. ആശുപത്രിയിൽ പേവിഷബാധയ്ക്കുള്ള ആന്റിറാബിസ് സിറം ലഭ്യമാക്കണമെന്നും സൂപ്രണ്ടിനെ നിയമിക്കണമെന്നും ആവശ്യമുയർന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മരുന്നു സൗജന്യമായി നൽകാനും നിർദേശമുണ്ടായി. ഒ.പി. ടിക്കറ്റ് നിരക്ക് 10 രൂപയാക്കാനും താത്കാലിക ജീവനക്കാരുടെ വേതനത്തിൽ വർധനവരുത്താനും തീരുമാനമായി. ഉപാധ്യക്ഷ കെ. പ്രസീത, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സി. അമാനുള്ള, നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.